ഇന്ത്യയുമായി ഏതുസമയവും യുദ്ധത്തിന് സാധ്യതയെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: ജമ്മുകശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ യു.എന്നില്‍ കൊണ്ടുവന്ന നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ പ്രകോപനപരമായ നിലപാടുകളുമായി പാകിസ്താന്‍. ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുമായി പാകിസ്താന്‍ ഭരണകക്ഷിയായ പിടിഐ രംഗത്തെത്തി. ഇന്ത്യയുമായി ഏതു നിമിഷവും ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയും പ്രതികരിച്ചു.

യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കവേ ജനീവയില്‍ വച്ചാണ് ഖുറേഷി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു സംഘര്‍ഷമുണ്ടായാലുള്ള അനന്തരഫലം ഇരുരാജ്യങ്ങളും മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ ആകസ്മികമായി ഒരു യുദ്ധമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവുന്നില്ല. ഈ സ്ഥിതി തുടരുകയാണെങ്കില്‍ എന്തും സംഭവിക്കാം-ഖുറേഷി പറഞ്ഞു.

അതിനിടെ, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും പ്രകോപനപരമായ ട്വീറ്റുകളുമായി പാകിസ്താന്‍ ഭരണകക്ഷിയായ പിടിഐ രംഗത്തെത്തി. ഗുജറാത്തിലെ കശാപ്പുകാരന്‍ അതേ പണി തന്നെ പാക് അധീന കശ്മീരിലും ചെയ്യുന്നു. രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും നിയമവ്യവസ്ഥിതികളും കശ്മീരിനു കൂടുതല്‍ ശ്രദ്ധ കൊടുക്കണം. കശ്മീരിലെ ക്രൂര അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരണം. അല്ലെങ്കില്‍ യുദ്ധമായിരിക്കും അവസാന മാര്‍ഗം.

കശ്മീരില്‍ മോഡി നടത്തുന്ന ക്രൂരതയെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പാകിസ്താന്‍ മുഴുവന്‍ അപലപിക്കുന്നുവെന്ന് പിടിഐ ട്വീറ്റ് ചെയ്യുന്നു. കശ്മീരിന്റെ അവസ്ഥ കാണാതെ പോകരുത്, കശ്മീരിന്റെ ശബ്ദം കേള്‍ക്കാതെ പോകരുത്. നീതി നിഷേധിക്കപ്പെടരുത്. സ്വതന്ത്ര്യം അരികെയാണ് -പിടിഐ ട്വീറ്റ് ചെയ്യുന്നു.

കശ്മീര്‍ ഫാസിസ്റ്റ് മൂന്‍വിധിയുടെ ഇരയാണ്. കശ്മീരിന് നമ്മുടെ സഹായം വേണം. വീട്ടുതടങ്കലുകള്‍, തട്ടിക്കൊണ്ടുപോകലുകള്‍, ബലാത്സംഗങ്ങള്‍, കൊലപാതകങ്ങള്‍, ശബ്ദിക്കാവാത്ത പീഡനങ്ങള്‍, ഇവയെല്ലാം ഹിന്ദുത്വ ആധിപത്യത്തിന്റെ പേരിലാണ് നടക്കുന്നത്. -പിടിഐയുടെ പ്രകോപനം തുടരുകയാണ്.

error: Content is protected !!