ഗതാഗത നിയമലംഘന പിഴ: കോംപൗണ്ടിങ് രീതി പരിഗണനയില്‍, ഉന്നത തലയോഗം ഇന്ന്

തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമം നടപ്പാക്കുന്നതിലെ അനിശ്ചിതത്വം ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വിളിച്ച ഉന്നതതലയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പിഴത്തുക കുറയ്ക്കുന്നതിന്‍റെ സാധ്യത യോ​ഗം പരിശോധിക്കും. കേന്ദ്രസര്‍ക്കാരിന്‍റെ അന്തിമ നിലപാട് വന്നതിനുശേഷം മാത്രം പുതിയ വിജഞാപനം ഇറക്കാനാണ് സാധ്യതയെന്നാണ് വിവരം.

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ പത്തിരട്ടിവരെ വർധിപ്പിച്ചാണ്‌ കേന്ദ്രം നിയമം ഭേദഗതി ചെയ്‌ത വിജ്ഞാപനം പുറത്തിറക്കിയത്. കേന്ദ്ര നിയമം വന്നയുടനെ സംസ്ഥാനവും മോട്ടോർ വാഹന നിയമം ഭേ​​ദ​ഗതി ചെയ്തുള്ള വിജ്ഞാപനമിറക്കി. ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരെ സംസ്ഥാനത്താകമാനം വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പുനരാലോചനക്ക് സര്‍ക്കാര്‍ തയ്യാറായത്.

കേന്ദ്ര നിയമമനുസരിച്ച് വിജ്ഞാപനം ഇറക്കാത്ത സംസ്ഥാനങ്ങള്‍ നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിത്തുടങ്ങി. ഈ സഹാചര്യത്തില്‍ നിയമപരമായ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ ഗതാഗത സെക്രട്ടറിക്ക് മന്ത്രി എ കെ ശശീന്ദ്രന്‍ നിർദ്ദേശം നല്‍കിയിരുന്നു. പിഴത്തുക പകുതിയാക്കാനുള്ള ആലോചനയാണ് നടക്കുന്നതെങ്കിലും ഇതില്‍ വ്യക്തത വന്നിട്ടില്ല. ഉയര്‍ന്ന പിഴയില്‍ ഒറ്റത്തവണ ഇളവ് നല്‍കിയാല്‍ മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്.

error: Content is protected !!