തദ്ദേശ ഉപതെരെഞ്ഞെടുപ്പ്: പാലക്കാട്ട് ആറില്‍ നാലിടത്ത് എല്‍ഡിഎഫിന് ജയം

പാലക്കാട്:  തദ്ദേശഭരണ ഉപതെരെഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.പല്ലശന മഠത്തില്‍ക്കളം ആറാം വാര്‍ഡ്‌ യുഡിഎഫില്‍ നിന്നും തെങ്കര പഞ്ചായത്ത്‌ 12-ാം വാര്‍ഡ് സ്വതന്ത്രനില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. പല്ലശനയില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി കെ യശോദയാണ്‌ വിജയിച്ചത്‌. യുഡിഎഫ്‌ സ്ഥാനാര്‍ഥി എ സുനിലിനെയാണ് പരാജയപ്പെടുത്തിയത്, യുഡിഎഫ്‌ അംഗം മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്‌.

തെങ്കര പഞ്ചായത്ത്‌ 12-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി സി എച്ച്‌ ഷനോബാണ്‌ സീറ്റ് പിടിച്ചെടുത്തത്. സ്വതന്ത്രനായിരുന്ന സി എച്ച്‌ മുഹമ്മദ്‌ മരിച്ചതിനെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്‌. ഇദ്ദേഹത്തിന്റെ മകനാണ്‌ നിലവിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി.യുഡിഎഫ്‌ സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദ്‌, കെ ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ പരാജയപ്പെട്ടു.

നെല്ലിയാമ്ബതിയിലെ പുലയമ്ബാറ ഒന്നാം വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. പട്ടികവര്‍ഗ വനിതാ സംവരണ വാര്‍ഡായ ഇവിടെ വി മീനയാണ്‌ വിജയി. പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന എല്‍ഡിഎഫിലെ ജിന്‍സി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചതിനെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്‌.

പൂക്കോട്ടുകാവ്‌ പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ വിജയിച്ചു. രതിമോളാണ്‌ വിജയി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റായിരുന്ന എല്‍ഡിഎഫിലെ പി സിജിക്ക്‌ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ബിജെപിക്കും യുഡിഎഫിനും ഇവിടെ സ്ഥാനാര്‍ഥിയുണ്ടായില്ല. സ്വതന്ത്ര അംഗം പി പി മാലതിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.

പാലക്കാട്‌ നഗരസഭയിലെ 17-ാം വാര്‍ഡ്‌ നരികുത്തി യുഡിഎഫ് നിലനിര്‍ത്തി. റിസ്വാനയാണ് വിജയി, എച്ച്‌ ഫൗസിയാബി, എം എസ്‌ ജസീന എന്നിവരാണ്‌ മറ്റ്‌ സ്ഥാനാര്‍ഥികള്‍. ബിജെപിക്ക്‌ സ്ഥാനാര്‍ഥിയുണ്ടായില്ല. യുഡിഎഫിന്റെ കൗണ്‍സിലറായ എ എം ഫാസില സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നാണ്‌ ഇവിടെ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ സ്വതന്ത്രസ്ഥാനാര്‍ഥിയായി എം വഹീദയാണ്‌ മത്സരിച്ചത്‌.

ഷൊര്‍ണൂര്‍ നഗരസഭ 17-ാം വാര്‍ഡില്‍ (ടൗണ്‍ വാര്‍ഡ്‌) യുഡിഎഫ്‌ സ്ഥാനാര്‍ഥി പി ആര്‍ പ്രവീണ്‍ വിജയിച്ചു. എല്‍ഡിഎഫ്‌ സ്വതന്ത്ര സ്ഥാനാര്‍ഥി സി രാധാകൃഷ്‌ണനാണ്‌ പരാജയപ്പെട്ടത്‌. എംപി ആയി തെരെഞ്ഞെടുക്കപ്പെട്ട യുഡിഎഫിലെ വി കെ ശ്രീകണ്‌ഠന്‍ രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്‌.

error: Content is protected !!