ശകുനം മുടക്കാന്‍ നോക്കുകുത്തിയെപോലെ വഴി വിലങ്ങി നിന്നു: ജോസഫിനെതിരെ കേരളാ കോണ്‍ഗ്രസ് മുഖപത്രം

പി.ജെ ജോസഫിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം മുഖപത്രമായ പ്രതിച്ഛായ. ചില നേതാക്കള്‍ ശകുനം മുടക്കാന്‍ നോക്കുകുത്തിയെപോലെ വഴി വിലങ്ങി നിന്നു. കുടുംബവാഴ്ചയെന്ന ആരോപണത്തിനുള്ള മറുപടിയാണ് സ്ഥാനാര്‍ഥി നിര്‍ണയമെന്നും മുഖപത്രം പറയുന്നു.

കേരളാ കോണ്‍ഗ്രസ് എമ്മിന് കെ എം മാണിയല്ലാതെ വേറൊരു ചിഹ്നമില്ലെന്നാണ് ജോസ് കെ മാണി പക്ഷം മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുന്നത്.  അണപ്പല്ല് കൊണ്ട് ഇറുമ്മുകയും മുൻപല്ല് കൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാർഥിക്ക് പ്രസക്തിയില്ല. പാലായിലെ സ്ഥാനാർഥി നിർണയത്തോടെ ജോസ് കെ മാണിയുടെ ജനപ്രീതി ഉയർന്നെന്നും മുഖപ്രംസംഗത്തിലുണ്ട്.

മറ്റു പാര്‍ട്ടികള്‍ക്കു മാതൃകയാക്കാവുന്ന വിധം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജോസ് കെ മാണി അവലംബിച്ച ജനാധിപത്യ രീതി ഏറ്റവും അഭിനന്ദനീയമാണ്. പാലായിലെ ജനങ്ങളുടെ മനസ്സറിഞ്ഞും കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ വികാരങ്ങള്‍ മാനിച്ചും എടുത്ത തീരുമാനമാണത്. സ്വന്തം കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥി വേണ്ടെന്ന് ജോസ് കെ മാണി പറഞ്ഞതായി അറിഞ്ഞതോടെ പലരും അമ്പരന്നുപോയിട്ടുണ്ടാവുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

error: Content is protected !!