ജോസ് ടോമും എന്‍ ഹരിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെന്ന നിലയിലും സ്വതന്ത്രനെന്ന നിലയിലും രണ്ട് തരത്തിലുള്ള പത്രികകളാണ് ജോസ് ടോം സമര്‍പ്പിച്ചത്.

രണ്ടില ചിഹ്നം ആവശ്യപ്പെട്ടുകൊണ്ട് ജോസ് കെ മാണിയുടെ കത്ത് സഹിതമാണ് ജോസ് ടോം പുലിക്കുന്നേല്‍ ആദ്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പൈനാപ്പിള്‍, ഫുട്ബോള്‍, ടോര്‍ച്ച്‌ തുടങ്ങിയ ചിഹ്നങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് മറ്റ് രണ്ട് സെറ്റ് പത്രികകള്‍ കൂടി സമര്‍പ്പിച്ചു. ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാനാവില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മറ്റ് രണ്ട് സെറ്റ് പത്രികകള്‍കൂടി ജോസ് ടോം സമര്‍പ്പിച്ചത്.

ചിഹ്നം സംബന്ധിച്ച്‌ തര്‍ക്കം തുടര്‍ന്നാല്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടറാകും തീരുമാനമെടുക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും പരിഹാരം ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടലുണ്ടാകും.

error: Content is protected !!