എം.എസ്.എഫ്-പാക് പതാക കൂട്ടിക്കെട്ടി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ കത്തിച്ചു

പേരാമ്പ്ര: കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.ഡി.എസ്.എഫ് പാക് പതാക ഉപയോഗിച്ചെന്ന പ്രചാരണത്തെ ആളിക്കത്തിച്ച് സംഘ് പരിവാര്‍. പ്രകടനത്തില്‍ വടിയില്‍ കെട്ടി ഉപയോഗിച്ച എം.എസ്.എഫ് പതാക നാല് ഭാഗത്തും പിടിച്ച് ജാഥയില്‍ അണിനിരക്കുകയായിരുന്നു. ഇത് തല തിരിച്ചാണ് പിടിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പാക് പതാകയാണെന്ന പ്രചാരണവുമായി ചിലര്‍ രംഗത്തെത്തിയത്.

അതേ സമയം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സില്‍വര്‍ കോളജിലേക്ക് ഇന്ന് മാര്‍ച്ച് നടത്തി. പേരാമ്പ്ര ടൗണില്‍ എം.എസ്.എഫ് കൊടിയും പാക് പതാകയും ഒരുമിച്ച് കെട്ടി കത്തിച്ചു. സംഭവത്തില്‍ എന്‍.ഐ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി രംഗത്തെത്തിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ പേരാമ്പ്രയിലെത്തിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. സംഘ്പരിവാര്‍ ആരോപണം ഏറ്റെടുത്ത് പ്രസ്താവനയിറക്കിയ എസ്.എഫ്.ഐ നേതൃത്വം രാഷ്ട്രീയ ദുഷ്ടലാക്കോടെ അവസരം മുതലെടുക്കാനാണ് ശ്രമിക്കുന്നതെന്ന് എം.എസ്.എഫ് ആരോപിച്ചു. അനാവശ്യമായ പ്രസ്താവന പിന്‍വലിക്കാന്‍ എസ്.എഫ്.ഐ തയാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ പൊലിസും കോളജ് അധികൃതരും അനാവശ്യ ധൃതി കാട്ടിയെന്ന് എം.എസ്.എഫ് ആരോപിക്കുന്നു. ഒരന്വേഷണവും കൂടാതെയാണ് ആറ് വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്. വിഷയം ചര്‍ച്ചയായതോടെ ദേശീയ ചാനലുകളും പാക് ചാനലുകളും ഇത് വാര്‍ത്തയാക്കിയിരുന്നു. യഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത വാര്‍ത്തകളാണ് പടച്ചു വിടുന്നത് എന്ന് വിദ്യാര്‍ഥികള്‍ തന്നെ പറയുന്നു.

അതേ സമയം പതാക കത്തിച്ചു കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ശ്രമം തിരിച്ചറിയണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. യു.ഡി.എസ്.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ഉപയോഗിച്ച പതാകയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരേ പൊലിസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി.കെ.രാഗേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

error: Content is protected !!