കശ്മീർ വിഷയത്തിൽ കണ്ണൂരിൽ സി.പി.എം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് സി ഒ ടി നസീർ

കശ്മീർ വിഷയത്തിൽ സി പി എമ്മിന്റെ സഹകരണത്തോടെ കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാറിൽ ശ്രദ്ധേയ സാന്നിധ്യമായി വിമത സി പി എം നേതാവ് സി ഒ ടി നസീർ. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥി പി ജയരാജനെതിരെ സ്വതന്ത്രനായി മത്സര രംഗത്തുണ്ടായിരുന്ന നസീറിനെ ഫല പ്രഖ്യാപനത്തിനു രണ്ടു ദിവസം മുമ്പ് ഒരു സംഘം അക്രമിച്ച് വെട്ടിപ്പരിക്കേൽപിച്ചിരുന്നു. തന്നെ അക്രമിച്ച കേസിൽ അഡ്വ. എ എൻ ഷംസീർ എം എൽ എ ക്കു അടക്കം പങ്കുള്ളതായി സംശയിക്കുന്നതായി നസീർ ആരോപിച്ചിരുന്നു.

കണ്ണൂരിൽ സി പി എമ്മിന്റെ അവസാന വാക്കായ പി.ജയരാജൻ സി.ഒ.ടി നസീറിനെ സന്ദർശിക്കുകയും സംഭവം പാർട്ടി അന്വേഷിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. പാർട്ടിയിൽ എല്ലാവരോടും എതിർപ്പില്ലെന്ന് തുറന്ന് പറഞ്ഞ നസീറിനെ പാർട്ടിയിൽ തിരിച്ചെത്തിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള സമ്പൂർണ ജനപിന്തുണ ഉള്ള യുവനേതാവ് എന്ന നിലയിൽ പാർട്ടിക്ക് പുറത്തുള്ള നസീറിനെ സി പി എം വല്ലാതെ ഭയപ്പെട്ടിരുന്നു .

മധ്യസ്ഥർ മുഖേന നടത്തിയ നീക്കം വിജയത്തിലെത്തുന്നതിന്റെ സൂചനയായാണ് സി പി എം മുൻകൈയെടുത്ത് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാൻ നസീർ എത്തിയത്. ഏരിയാ കമ്മിറ്റിയിലെ ചില നേതാക്കളുടെ ക്ഷണം കാരണമാണ് കാശ്മീർ വിഷയത്തെ മുൻ നിർത്തിയുള്ള പരിപാടിയിൽ താൻ പങ്കെടുത്തത്. കാശ്മീർ ജനതയുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കിയിട്ടുള്ള ഒരാളെന്ന നിലയിലാണ് താനെത്തിയതെന്നും സി.ഒ.ടി പറഞ്ഞു.

error: Content is protected !!