എന്‍.ആര്‍.സിയില്‍ നിന്ന് പുറത്തായവരില്‍ 70 ശതമാനവും ബംഗാളി ഹിന്ദുക്കള്‍; ബി.ജെ.പി സുപ്രിംകോടതിയിലേക്ക്

ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍.ആര്‍.സി) പുതുക്കി, എല്ലാ കടന്നുകയറ്റക്കാരെയും പുറത്താക്കുമെന്ന് ആണയിട്ട ബി.ജെ.പി അന്തിമ പട്ടിക വന്നതോടെ വെട്ടില്‍. പുറത്തായ 19 ലക്ഷത്തോളം പേര്‍ക്കായി സുപ്രിംകോടതിയെ സമീപിക്കാനും നിയമസഭയില്‍ നിയമനിര്‍മാണം നടത്താനുമാണ് ബി.ജെ.പിയും അസം സര്‍ക്കാരും ആലോചിക്കുന്നത്. അസമിലെ ഒറുകോടിയിലേറെ വരുന്ന മുസ്‌ലിംകളില്‍ ബഹുഭൂരിഭാഗവും ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നും ഇവരെ പുറത്താക്കുമെന്നും പ്രഖ്യാപിച്ചാണ് ബി.ജെ.പി പൗരത്വപട്ടിക കൊണ്ടുവരാന്‍ തിടുക്കം കാട്ടിയത്. എന്നാല്‍, അന്തിമപട്ടിക പ്രസിദ്ധീകരിച്ചതോടെ പുറത്തായവരില്‍ ബഹുഭൂരിഭാഗവും ബംഗാളി ഹിന്ദുക്കളാണെന്നതാണ് ബി.ജെ.പിയുടെ നിലപാടു മാറ്റത്തിനു കാരണം.

പട്ടികയില്‍നിന്ന് ഒഴിവാക്കിയ 19 ലക്ഷം പേരില്‍ 11 ലക്ഷത്തിലേറെ ബംഗാളി ഹിന്ദുക്കളും (ഏകദേശം 70 ശതമാനം) ആറു ലക്ഷം മുസ്‌ലിംകളും ബാക്കി മറ്റു വിഭാഗങ്ങളുമാണെന്ന് അസമീസ് ദിനപത്രം ദിന്‍ ദര്‍പ്പണ്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റു വിഭാഗങ്ങളില്‍ ഒരു ലക്ഷം ഗൂര്‍ഖകളും ഉള്‍പ്പെടും. ബാര്‍പേട്ട ജില്ലയില്‍ വ്യാപകമായി ബംഗാളി ഹിന്ദുക്കള്‍ പട്ടികയില്‍നിന്ന് പുറത്തായിട്ടുണ്ട്. ബാര്‍പേട്ടയിലെ പബ് മലയ്ബാരി ഗ്രാമത്തില്‍ മാത്രം ചുരുങ്ങിയത് 2000 ബംഗാളി ഹിന്ദുക്കള്‍ പട്ടികയില്‍നിന്ന് പുറത്താണ്. ഗ്രാമത്തില്‍ ആകെ 3000 പേരാണുള്ളത്. ഇതില്‍ 2000 പേരെങ്കിലും പുറത്താണെന്ന് ഗ്രാമവാസികളിലൊരാളായ ശ്രീചന്ദറാണി ദത്ത പറഞ്ഞു. തങ്ങള്‍ നല്‍കിയ 500 പേരുകള്‍ മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചതെന്നും ബാക്കിയുള്ളവരെ പുറത്താക്കിയെന്നും പ്രമോദ് ചന്ദ്രകര്‍ എന്ന ഗ്രാമീണന്‍ പറഞ്ഞു.

1964ല്‍ കുടിയേറിയവരാണ് തങ്ങളെന്നാണ് ഗ്രാമീണര്‍ അവകാശപ്പെടുന്നത്. തൊട്ടടുത്ത ഗ്രാമത്തിലെ 90 ശതമാനം മുസ്‌ലിംകളും പട്ടികയില്‍ ഇടം പിടിച്ചതായും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഒഴിവാക്കപ്പെട്ടവരില്‍ വലിയൊരു വിഭാഗം സാധാരണ തൊഴിലാളികളാണ്. ബാര്‍പേട്ടയിലെ മറ്റു പല ബംഗാളി ഹിന്ദു ഗ്രാമവാസികളും വ്യാപകമായി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. 1960കളില്‍ ഇന്ത്യയിലേക്ക് കുടിയേറുകയും താമസിക്കാന്‍ സര്‍ക്കാര്‍ ഭൂമി അനുവദിക്കുകയും ചെയ്ത ബാന്‍ഗാവിലെ 300 ഹിന്ദു കുടുംബങ്ങള്‍ പട്ടികയില്‍ നിന്ന് പുറത്താണ്.

നേരത്തെ ഇവര്‍ വിദേശികളാണെന്നാരോപിച്ച് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ കേസ് കംറൂപിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ 2014ല്‍ തള്ളി. എന്നിട്ടും അവര്‍ക്ക് പട്ടികയില്‍ ഇടം പിടിക്കാന്‍ ആയില്ല. 2018ല്‍ പുറത്തുവിട്ട കരട് പട്ടികയിലും പകുതിയിലധികം പേര്‍ ബംഗാളി ഹിന്ദുക്കളായിരുന്നു. ഇതേത്തുടര്‍ന്നാണ് അതുവരെ പൗരത്വ പട്ടികയെ അനുകൂലിച്ചിരുന്ന ബി.ജെ.പി നേതാക്കള്‍ പട്ടികയെ എതിര്‍ക്കാന്‍ തുടങ്ങുന്നത്.

ഒഴിവാക്കപ്പെടുന്ന ബംഗാളി ഹിന്ദുക്കളെ സഹായിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ നേരിട്ട് ചെയ്തു വരുന്നുണ്ട്. ഇക്കാര്യം ബി.ജെ.പി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പൗരത്വബില്‍ പാസാക്കുന്നതോടെ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്കെല്ലാം പൗരത്വം നല്‍കുമെന്നാണ് ബി.ജെ.പി നേതാക്കള്‍ ഗ്രാമവാസികളെ അറിയിച്ചിരിക്കുന്നത്. 1971ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ കുടിയേറിയ ബംഗാളി ഹിന്ദുക്കളില്‍ വലിയൊരു വിഭാഗവും അസമില്‍ അനധികൃത താമസക്കാരായി കഴിഞ്ഞുവരുന്നുണ്ട്. ഫലത്തില്‍ മുസ്‌ലിംകളെ മാത്രം കോണ്‍സന്‍ട്രേഷന്‍ ക്യാംപിലടയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്.

അസമിനെ മറ്റൊരു കശ്മീര്‍ ആക്കാന്‍ അനുവദിക്കില്ലെന്നും അവസാന വിദേശിയെയും പുറത്താക്കുമെന്നുമാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചിരുന്നത്. പൗരത്വ റജിസ്റ്റര്‍ രാജ്യവ്യാപകമാക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനമേറ്റ ശേഷം ഇതെ കുറിച്ച് കാര്യമായൊന്നും പറഞ്ഞിരുന്നില്ല. പട്ടികയില്‍ പേരില്ലാത്തതിനാല്‍ ആര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കില്ലെന്നും ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്യുമെന്നുമാണ് ആഭ്യന്തരമന്ത്രാലയം ഇന്നലെ ട്വീറ്റ് ചെയ്തത്.

പുറത്തായവരെ ഉള്‍പ്പെടുത്താന്‍ നിയമസഭ നിയമം പാസാക്കുമെന്നാണ് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞത്. ബംഗ്ലദേശ് അതിര്‍ത്തിഗ്രാമങ്ങളില്‍ നിന്നുള്ള പട്ടികയിലെ 20 ശതമാനം പേരുകളിലെങ്കിലും പുനഃപരിശോധന ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് അസം ബി.ജെ.പി അധ്യക്ഷന്‍ രഞ്ജീത് കുമാര്‍ ദാസ് പറഞ്ഞു. യഥാര്‍ഥ ഇന്ത്യന്‍ പൗരന്മാര്‍ പുറത്തായതായി അസം ധനമന്ത്രി ഹിമന്ത് ബിശ്വ ശര്‍മയും പറഞ്ഞിരുന്നു. പുറത്തായ ഹിന്ദുക്കളെ സംരക്ഷിക്കുമെന്ന് ബി.ജെ.പി എം.എല്‍.എയും പ്രഖ്യാപിച്ചിരുന്നു. പുറത്തായവരില്‍ 25 ശതമാനം പേര്‍ മാത്രമെ അപ്പീലിലൂടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളൂവെന്നാണു ബി.ജെ.പി കരുതുന്നത്.

ഇതുവരെ 27 തവണ പുനഃപരിശോധന നടത്തിയെന്നും ഇനി സുപ്രീം കോടതി പറയാതെ സാധ്യമല്ലെന്നുമാണ് എന്‍.ആര്‍.സി കോര്‍ഡിനേറ്റ പ്രതീക് ഹജേലയുടെ നിലപാട്. ഇദ്ദേഹത്തിനെതിരെയാണു ബി.ജെ.പി പടയൊരുക്കം നടത്തുന്നത്.

error: Content is protected !!