ട്രെയിൻ(ഓൺലൈൻ) , സിനിമ ടിക്കറ്റുകൾക്ക് നാളെ മുതൽ വില കൂടും.

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ക്കും സിനിമ ടിക്കറ്റുകള്‍ക്കും നാളെ മുതല്‍ ചെലവ് കൂടും. ട്രെയിന്‍ ഇ-ടിക്കറ്റുകള്‍ക്ക് സര്‍വീസ് നിരക്ക് ഈടാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. നോണ്‍-എസി ക്ലാസ് ടിക്കറ്റുകള്‍ക്ക് 15 രൂപയാണ് സര്‍വീസ് നിരക്ക്. എസി ക്ലാസ് ടിക്കറ്റുകള്‍ക്ക് സര്‍വീസ് നിരക്ക് 30 രൂപയായി ഉയരും. ഓഗസ്റ്റ് 30 -ന് പുറത്തിറക്കിയ ഉത്തരവിലാണ് ഇ-ടിക്കറ്റുകള്‍ക്ക് സര്‍വീസ് നിരക്ക് ഈടാക്കുമെന്ന കാര്യം ഐആര്‍സിടിസി വ്യക്തമാക്കിയത്.

സര്‍വീസ് നിരക്കിന് പുറമെ ജിഎസ്ടി നിരക്കും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ബാധകമാണ്. മൂന്നു വര്‍ഷം മുന്‍പാണ് ഇ-ടിക്കറ്റുകള്‍ക്കുള്ള സര്‍വീസ് നിരക്ക് ഇന്ത്യന്‍ റെയില്‍വേ പിന്‍വലിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഡിജിറ്റല്‍ പെയ്‌മെന്റ് പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നടപടി. ഓഗസ്റ്റ് ആദ്യവാരമാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് സര്‍വീസ് നിരക്ക് പുനഃസ്ഥാപിക്കാനുള്ള അനുമതി ഐആര്‍സിടിക്ക് (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) റെയില്‍വേ ബോര്‍ഡ് നല്‍കിയത്.

സിനിമ തീയേറ്ററുകളിലെ വിനോദനികുതിയും നാളെ മുതൽ പ്രാബല്യത്തിൽ വരും .100 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവും, 100 രൂപയിൽ കുറവുള്ള ടിക്കറ്റുകൾക്ക് 5 ശതമാനവുമാണ് നികുതി ഈടാക്കുക. ഇ- ടിക്കറ്റിങ് നിലവിൽ വരുന്നതുവരെ സിനിമ ടിക്കറ്റുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കൊണ്ടുപോയി സീൽ ചെയ്യേണ്ടതില്ല. പകരം ചരക്ക് സേവന നികുതി കൊടുക്കുന്ന ടിക്കറ്റുകളുടെ എണ്ണം അതിനനുസൃതമായി തൊട്ടടുത്ത മാസം മൂന്നാം തീയതി ക്കുള്ളിൽ പിരിച്ചെടുത്ത നികുതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ടതാണ്.

error: Content is protected !!