സംസ്ഥാന കായികവകുപ്പിന് കീഴിൽ മട്ടന്നൂരിലടക്കം പുതിയ 9 ഫിറ്റ്നസ് സെന്ററുകൾ കൂടി വരുന്നു

സംസ്ഥാന കായികവകുപ്പിന് കീഴിൽ പുതിയ 9 ഫിറ്റ്നസ് സെന്ററുകൾ കൂടി വരുന്നു. കാസർഗോഡ്, കണ്ണൂരിലെ മട്ടന്നൂർ, വയനാട്‌, മലപ്പുറം, പാലക്കാട്‌, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലാണ്‌ പുതിയ ഫിറ്റ്‌നസ്‌ സെന്ററുകൾ സ്ഥാപിക്കുന്നത്‌. ഈ സ്ഥലങ്ങളിൽ കായികവകുപ്പ്‌ ഡയറക്ടറേറ്റിന്റെ സ്‌റ്റേഡിയമുണ്ടെങ്കിൽ അവിടെയാണ്‌ ഫിറ്റ്‌നസ്‌ സെന്റർ നിർമിക്കുക. മറ്റു സ്ഥലങ്ങളിൽ ഇതിനായി സ്ഥലം ഏറ്റെടുക്കും.

50 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ്‌ ഇവിടെ സ്ഥാപിക്കുക. വിദേശത്തുനിന്ന്‌ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യും. പൊതുജനങ്ങൾക്ക്‌ മിതമായ നിരക്കിൽ ഫിറ്റ്‌നസ്‌ സെന്റർ പ്രയോജനപ്പെടുത്താം. കായിക താരങ്ങൾക്ക്‌ സൗജന്യമായി ഉപയോഗിക്കാം.

കായികതാരങ്ങൾക്കുമാത്രമായി ജി വി രാജ സ്‌പോർട്‌സ്‌ സ്‌കൂളിലും കണ്ണൂർ സ്‌പോർട്‌സ്‌ ഡിവിഷനിലും ഫിറ്റ്‌നസ്‌ സെന്റർ സ്ഥാപിക്കും.

നിലവിൽ എട്ടിടങ്ങളിലാണ്‌ ഫിറ്റ്‌നസ്‌ സെന്ററുള്ളത്‌. കണ്ണൂർ മുണ്ടയാട്‌, കോഴിക്കോട്‌ വി കെ കെ മേനോൻ ഇൻഡോർ സ്‌റ്റേഡിയം, തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയം, കൊല്ലം ഹോക്കി സ്‌റ്റേഡിയം, തിരുവനന്തപുരം ജിമ്മി ജോർജ്‌ ഇൻഡോർ സ്‌റ്റേഡിയം, പിരപ്പൻകോട്‌ സ്വിമ്മിങ്‌പൂൾ, വട്ടിയൂർക്കാവ്‌ ഷൂട്ടിങ്‌ റേഞ്ച്‌, ആറ്റിങ്ങൽ ശ്രീപാദം സ്‌റ്റേഡിയം എന്നിവിടങ്ങളിൽ. ഇതിൽ മുണ്ടയാട്‌, ആറ്റിങ്ങൽ, ജിമ്മി ജോർജ്‌ ഇൻഡോർ സ്‌റ്റേഡിയം എന്നിവിടങ്ങളിലുള്ള ഫിറ്റ്‌നസ്‌ സെന്ററിന്റെ ഉദ്‌ഘാടനം കഴിഞ്ഞു. ബാക്കിയുള്ളവ പ്രവർത്തനസജ്ജമായി. ഉടൻ ഉദ്ഘാടനം നടത്തും.

error: Content is protected !!