ധ്യാന്‍ചന്ദ് പുരസ്‌കാരം മാനുവല്‍ ഫ്രെഡറിക്കിന്

കായിക രംഗത്തെ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ച് മലയാളിയായ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ചന്ദ് പുരസ്‌കാരം. ദേശീയ കായിക പുരസ്‌കാരങ്ങള്‍ നിശ്ചയിക്കാനുള്ള വിദഗ്ധ സമിതി മാനുവലിന്റെ പേര് ശുപാര്‍ശ ചെയ്തു. ഒളിംപിക്‌സ് മെഡല്‍ നേടിയ ഏക മലയാളി ഹോക്കി താരമാണ് കണ്ണൂര്‍ സ്വദേശിയായ മാനുവല്‍ ഫ്രെഡറിക്ക്.

1972 ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. ‘ഗോള്‍മുഖത്തെ കടുവ’ എന്നാണ് ഗോളിയായിരുന്ന മാനുവല്‍ ഫ്രെഡറിക്ക് അറിയപ്പെടുന്നത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. മ്യൂണിച്ചില്‍ വെങ്കലം നേടിയ ടീമിലെ എട്ടുപേര്‍ക്കു രാജ്യം അര്‍ജുന അവാര്‍ഡും രണ്ടു പേര്‍ക്കു പത്മഭൂഷണും നല്‍കിയിരുന്നു. എന്നാല്‍, മാനുവലിനു മാത്രം ഒരു ബഹുമതിയും ലഭിച്ചിരുന്നില്ല.

അര്‍ജുന അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. മലയാളികളായ മുഹമ്മദ് അനസ്, മിനിമോള്‍ എബ്രഹാം, സജന്‍ പ്രകാശ് എന്നിവര്‍ സാധ്യതാ പട്ടികയിലുണ്ട്. ക്രിക്കറ്റില്‍ നിന്ന് ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ക്കാണ് സാധ്യത. പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്ന പന്ത്രണ്ടംഗ സമിതി യോഗം ഡല്‍ഹിയില്‍ തുടരുകയാണ്.

error: Content is protected !!