പ്രതിപക്ഷ നേതാവിന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അലവൻസ് ഉൾപ്പെടെ 90,437 രൂപയുടെ ചെക്ക് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിൽ ഏൽപ്പിച്ചു.

സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ മോഹനൻ 2,50000 രൂപയും റിട്ട. ഡി.ജി.പി. കെ.പി.സോമരാജൻ ഒന്നര ലക്ഷം രൂപയും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ ഒരു മാസത്തെ ശമ്പളവും നൽകി. കരിക്കകം ദേവി ക്ഷേത്ര കമ്മിറ്റി 25,000 രൂപയും കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ 50,000 രൂപയും നൽകി. സ്വാമി സന്ദീപാനന്ദഗിരി 1 ലക്ഷം രൂപ സംഭാവന ചെയ്തു.

ഇതിനു പുറമേ ചെറിയ കുട്ടികളുടെ സമ്പാദ്യക്കുടുക്കയിലെ തുക മുതൽ സ്വർണാഭരണങ്ങൾ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വരികയാണ്. സി.പി.എം ആലപ്പുഴ മുൻ ജില്ലാ സെക്രട്ടറി പി.കെ ചന്ദ്രാനന്ദന്റെ മകൾ ഉഷ വിനോദ് സ്വർണ മോതിരം നൽകി.

എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി ഹുസൈൻ സ്വർണ വള നൽകി. കായംകുളം കൃഷ്ണപുരം പഞ്ചായത്തിലെ സന്ദീപ് – ആര്യ ദമ്പതികളുടെ മകൾ ബാലമോൾ ജന്മദിനത്തിൽ തന്റെ കുഞ്ഞുവള സംഭാവന നൽകി. കായംകുളം ഗായത്രി സെൻട്രൽ സ്കൂൾ രണ്ടുലക്ഷം രൂപയാണ് സംഭാവന നൽകിയത്.

error: Content is protected !!