പെഹ്‍ലുഖാൻ വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

രാജസ്ഥാനിലെ ആല്‍വാറില്‍ കര്‍ഷകനായ പെഹ്‍ലു ഖാനെ അടിച്ചുകൊന്ന കേസില്‍ ആറ് പ്രതികളെയും വെറുതെ വിട്ടു. ആൽവാർ അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. ആള്‍ക്കൂട്ട ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അപ്പീൽ നല്‍കുമെന്ന് അഭിഭാഷകൻ അറിയിച്ചു.

2017 ഏപ്രില്‍ ഒന്നിനാണ് ഗോരക്ഷകര്‍ ഡല്‍ഹി – ആല്‍വാര്‍ ദേശീയ പാതയില്‍ വെച്ച് പെഹ്‍ലുഖാനെ ആക്രമിച്ചത്. ഹരിയാന സ്വദേശിയായ ഈ 55കാരന്‍ റമദാന്‍ ആവുമ്പോഴേക്കും പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനായി പശുക്കളെ വാങ്ങാനാണ് ജയ്പൂരിലെത്തിയത്. പശുക്കളുമായി തിരിച്ചുപോകുമ്പോള്‍ കാലിക്കടത്ത് ആരോപിച്ച് ഒരു സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ 3ന് മരിച്ചു.

ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് 9 പേരെ പ്രതിചേര്‍ത്തു. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ക്ക് ജാമ്യം ലഭിച്ചു. ഇതിനിടെ അനുമതി വാങ്ങാതെ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലികളെ കൊണ്ടുപോയി എന്ന് ആരോപിച്ച് പെഹ്‍ലു ഖാനും മക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് വിവാദമായിരുന്നു. പെഹ്‍ലു ഖാന്‍റെ രണ്ട് മക്കള്‍ ഉള്‍പ്പെടെ കേസില്‍ 40 സാക്ഷികള്‍ ഉണ്ടായിരുന്നു. ആഗസ്ത് 7ന് വിചാരണ പൂര്‍ത്തിയായ കേസിലാണ് ഇന്ന് വിധി വന്നത്.

error: Content is protected !!