അയ്യങ്കാളി ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കാതെ കോഴിക്കോട് ശ്രീഗോകുലം പബ്ലിക് സ്‌കൂള്‍

സംസ്ഥാനത്ത് അയ്യങ്കാളി ദിനത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് പൊതുഅവധി നല്‍കിയിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കാതെ കോഴിക്കോട് ശ്രീഗോകുലം പബ്ലിക് സ്‌കൂള്‍. വിവിധ ക്ലാസുകാര്‍ക്ക് സ്‌പെഷ്യല്‍ ക്ലാസുകളും ഉച്ചയ്ക്ക് ശേഷം സ്റ്റുഡന്റ് കൗണ്‍സിലിന്റെ ചുമതലയേറ്റെടുക്കല്‍ ചടങ്ങുമാണ് നടത്തിയത്.

എന്നാല്‍ പാഠഭാഗങ്ങള്‍ തീരാത്തതിനാല്‍ ചില ക്ലാസുകള്‍ക്ക് സ്‌പെഷ്യല്‍ ക്ലാസുകള്‍ വെയ്ക്കുകയായിരുന്നുവെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം. കൂടാതെ സ്‌കൂള്‍ ലീഡറിന്റെയും ക്ലാസ് ലീഡര്‍മാരുടെയും ചുമതലയേല്‍ക്കല്‍ ചടങ്ങ് ബുധനാഴ്ച വെച്ചത് മുഖ്യാതിഥിയുടെ സൗകര്യം കണക്കിലെടുത്താണെന്നുമാണ് വിശദീകരണം. ശ്രീ ഗോകുലം ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ വിസി പ്രവീണ്‍ ആണ് ചടങ്ങിലെ മുഖ്യാതിഥി. അയ്യങ്കാളി ദിനത്തിലെ പൊതുഅവധി അട്ടിമറിക്കുന്നതിനെതിരെ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പോലും ഇറക്കിയിട്ടുണ്ടെന്നിരിക്കെയാണ് പ്രമുഖ സ്വകാര്യ സ്‌കൂളായ ശ്രീഗോകുലം നിഷേധാത്മക നിലപാട് എടുത്തിരിക്കുന്നത്.

വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പരിഷ്‌കരണം ലക്ഷ്യമിട്ട അയ്യങ്കാളിയോടുള്ള ആദരവായാണ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ജയന്തി ദിനം 2014 മുതല്‍ പൊതുഅവധിയായി പ്രഖ്യാപിച്ചത്. ദളിത് സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ ഏറെ നാളത്തെ പോരാട്ടങ്ങള്‍ക്ക് ഒടുവിലായിരുന്നു ഇത്. 2015 ലും 2016 ലും അന്നേ ദിവസം സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധിയായിയിരുന്നു. എന്നാല്‍ 2017 ഓഗസ്റ്റില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്ഥാപനങ്ങള്‍ക്ക് ഈ ദിവസത്തെ അവധി റദ്ദാക്കി ഉത്തരവ് പുറത്തു വന്നു. മെഡിക്കല്‍/ഡന്റല്‍ പ്രവേശനത്തിന്റെ പേരുപറഞ്ഞ് അന്നേദിവസം പ്രവൃത്തി ദിവസമാക്കുകയായിരുന്നു. ഇത് അയ്യങ്കാളി ജയന്തി ദിനത്തിലെ പൊതുഅവധി അട്ടിമറിക്കാനുള്ള നീക്കമാണെന്ന് പ്രതിഷേധങ്ങളുയര്‍ന്നു.

error: Content is protected !!