യുവമോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: പൊലീസിന് നേരെ കല്ലേറ്

തിരുവനന്തപുരത്ത് യുവമോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സ്റ്റാച്യുവില്‍ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. സംഘർഷത്തിൽ ഏതാനും പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പൊലീസിനു നേരെ കല്ലേറുമുണ്ടായി. യൂണിവേഴ്‍സിറ്റി കോളേജിലെ കുത്ത് കേസ് പ്രതികൾ പിഎസ്‍സി റാങ്ക് പട്ടികയിൽ വന്നതിനെതിരെയായിരുന്നു യുവമോർച്ചയുടെ മാർച്ച്.

അഞ്ച് യുവമോർച്ചാ പ്രവർത്തകർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. ഇന്നലത്തേത് പോലെ വ്യാപകമായ ലാത്തിച്ചാർജ് ഇന്നുണ്ടായില്ല. സമരത്തെ അടിച്ചൊതുക്കുന്നു എന്ന പ്രതീതിയുണ്ടാകാതിരിക്കാൻ പരമാവധി സംയമനം പാലിക്കണമെന്ന് പൊലീസിന് നിർദേശമുണ്ടായിരുന്നു. വീണ് കിടക്കുന്നവർക്കാണ് ലാത്തിയടിയേറ്റത്. ചിലർക്ക് ജലപീരങ്കിയിൽ അടി തെറ്റി വീണും പരിക്കേറ്റു.

ഇന്നലെ കെഎസ്‍യുവിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും പ്രതിഷേധത്തെത്തുടർന്ന് സെക്രട്ടേറിയറ്റും പരിസരവും യുദ്ധക്കളമായിരുന്നു. സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസും സമരക്കാരും തമ്മിൽ കനത്ത സംഘ‍ർഷമാണുണ്ടായത്. സമരക്കാർക്ക് നേരെ പൊലീസ് ടിയർഗ്യാസും, ലാത്തിച്ചാർജും, ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാർ കല്ലും കുപ്പികളും എറിഞ്ഞു. സെക്രട്ടേറിയറ്റ് പരിസരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി.

error: Content is protected !!