സാജൻറെ ആത്മഹത്യ : അന്വേഷണ സംഘം നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴിയെടുത്തു

പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണ സംഘം ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴിയെടുത്തു. മുൻകൂര്‍ അനുമതി വാങ്ങിയാണ് അന്വേഷണ സംഘം ആന്തൂര്‍ നഗരസഭ ഓഫീസിലെത്തി മൊഴിയെടുത്തത്. ലൈസൻസ് നൽകാത്തതും നഗരസഭാ അധ്യക്ഷയുടെ മാനസിക പീഡനവുമാണ് സാജൻ ആത്മഹത്യ ചെയ്യാൻ കാരണമായത് എന്നാണ് കേസിലെ പ്രധാന ആരോപണം. കുടുംബത്തിന്‍റെ മൊഴിയിലും സാജന്‍റെ കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും എല്ലാം പികെ ശ്യാമളയ്കക്ക് എതിരെ ആരോപണം ഉണ്ട്. എന്നാൽ സാജന്‍റെ ആത്മഹത്യാ കുറിപ്പിൽ നഗരസഭാ അധ്യക്ഷയുടെ പേര് ഉണ്ടായിരുന്നില്ല . ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് നഗരസഭ അധ്യക്ഷയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ,മനസാ വാചാ അറിയാത്ത കാര്യങ്ങളാണ് തനിക്കുനേരെ ഉണ്ടായ ആരോപണങ്ങളെന്നും പി കെ ശ്യാമള പ്രതികരിച്ചു . പറയാനുള്ളതെല്ലാം അന്വേഷണ സംഘത്തോട് പറഞ്ഞതായും പി കെ ശ്യാമള മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ആവശ്യമെങ്കിൽ വീണ്ടും മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു .

error: Content is protected !!