കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: പ്രതിസന്ധി പരിഹരിക്കാൻ യു.ഡി.എഫ് ശ്രമം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രതിസന്ധി പരിഹരിക്കാൻ കേരള കോൺഗ്രസിലെ ഇരു വിഭാഗങ്ങളുമായി യു.ഡി.എഫ് ചർച്ച നടത്തും. ഇന്ന് വൈകിട്ട് തിരുവനന്തപുരത്താണ് ചർച്ച. ചർച്ചയിൽ പങ്കെടുക്കുമെന്ന് ഇരു വിഭാഗങ്ങളും അറിയിച്ചു.

കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ യു.ഡി.എഫ് നേതാക്കൾ ഇരു വിഭാഗവുമായി ചർച്ച നടത്തിയിരുന്നെങ്കിലും സമവായത്തിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മറ്റൊരു തലവേദനയായി മാറിയത്.

രണ്ട് വിഭാഗങ്ങളുമായി ധാരണയിലെത്താൻ കോട്ടയത്ത് നടത്തിയ ശ്രമങ്ങൾ വിജയം കണ്ടില്ല. തുടർന്ന് കോൺഗ്രസ് അംഗങ്ങൾ ഇന്ന് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു. തുടര്‍ന്ന് നാളെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിക്കുകയും ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉമ്മൻ ചാണ്ടി എന്നിവർ തിരുവനന്തപുരത്ത് ചർച്ച നടത്തി കാര്യങ്ങൾ വിലയിരുത്തി. ഇതിനെത്തുടർന്ന് ഇരു വിഭാഗവുമായും ചർച്ച നടത്താൻ തീരുമാനിച്ചത്.

error: Content is protected !!