കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ജില്ലയിലെ യുഡിഎഫില്‍ കടുത്ത പ്രതിസന്ധി. ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ നിർത്തിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ആരെ പിന്തുണയ്ക്കും എന്നതാണ് നിര്‍ണ്ണായകം.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ 22 അംഗങ്ങളാണ് ആകെയുള്ളത്. കോണ്‍ഗ്രസിന് എട്ട്, കേരളാ കോണ്‍ഗ്രസിന് ആറ്, എല്‍ഡിഎഫിന് ഏഴ്, ജനപക്ഷത്തിന് ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. യുഡിഎഫിലെ ധാരണയനുസരിച്ച് കോണ്‍ഗ്രസിലെ സണ്ണി പാമ്പാടി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. കേരളാ കോണ്‍ഗ്രസിനാണ് അടുത്ത അവസരം.

പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനാകില്ലെങ്കിലും ഔദ്യോഗിക പക്ഷം ആരെന്ന് തെളിയിക്കാനുളള ശ്രമമാണ് ജോസഫ് വിഭാഗവും ജോസ് വിഭാഗവും നടത്തുന്നത്. ജോസ് വിഭാഗം കാഞ്ഞിരപ്പള്ളി ഡിവിഷനിലെ സെബാസറ്റ്യന്‍ കുളത്തുങ്കിലെ ആദ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെങ്കിലും ഇത് പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് കഴങ്ങ ഡിവിഷനിലെ അജിത്ത് മുതിരമലയെ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്നത്. ജോസ് വിഭാഗം നല്കിയ വിപ്പ് നിലനില്‍ക്കില്ലെന്ന് കാട്ടി ജോസഫ് തന്നെ നേരിട്ട് വിപ്പ് നല്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് തല്‍സ്ഥിതി തുടരും എന്ന് പറഞ്ഞുള്ള മറുപടി ഇരു വിഭാഗത്തിനും ലഭിച്ചിട്ടുണ്ട് എന്നാല്‍ ഇത് രണ്ട് കൂട്ടരും രണ്ടായിട്ടാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലായത് കോണ്‍ഗ്രസാണ് ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് തന്നെ ഏറ്റെടുത്ത് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കേരള കോണ്‍ഗ്രസിലെ ഭിന്നത മുതലെടുക്കാന്‍ സി.പി.എമ്മും തക്കം നോക്കിയിരിക്കുകയാണ്. ആയതിനാല്‍ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് എല്ലാവര്‍ക്കും നിര്‍ണ്ണായകമാണ്.

error: Content is protected !!