വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഇടപെടണം: എംഎൽഎമാരുടെ ഹർജി ഇന്ന് പരി​ഗണിക്കും

കർണാടകത്തിൽ വിശ്വാസ വോട്ടെടുപ്പ് അടിയന്തരമായി നടത്താൻ ഇടപെടണമെന്ന  എംഎൽഎമാരകുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സ്വതന്ത്ര എംഎൽഎമാരായ എച്ച് നാഗേഷ്, ആർ ശങ്കർ എന്നിവരാണ് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

ഇന്നലെ ഈ ആവശ്യം ഉന്നയിച്ച് എംഎൽഎമാർ കോടതിയെ സമീപിച്ചെങ്കിലും ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അടിയന്തര ഇടപെടൽ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിയിൽ വാദം കേൾക്കുന്നത് ചീഫ് ജസ്റ്റിസ് ഇന്നത്തേക്ക് മാറ്റിയത്. ജൂലൈ 17-ലെ വിധിയിൽ പുനഃപരിശോധന വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമിയും കോൺഗ്രസും സമർപ്പിച്ച ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.

അതേസമയം, കർണാടകത്തിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കർ കെ ആർ രമേഷ് കുമാർ അറിയിച്ചു. വൈകിട്ട് ആറു മണിക്കുള്ളിൽ വോട്ടെടുപ്പ് പൂർത്തിയാക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് ഇന്നലെ അർധരാത്രി വിശ്വാസ വോട്ടെടുപ്പിന്റെ കാര്യത്തിൽ തീരുമാനം ആയത്.

മുഖ്യമന്ത്രി കുമാരസ്വാമി ഉറപ്പ് നൽകിയത് പോലെ ഇന്നലെ തന്നെ വോട്ടെടുപ്പ് നടത്തണം എന്ന് ബിജെപി ആവശ്യപ്പെട്ടു. സ്പീക്കറും ഇതിനെ പിന്തുണച്ചു. എന്നാൽ വോട്ടെടുപ്പിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസ്‌ അംഗങ്ങൾ സഭ പിരിയണം എന്നാവശ്യപ്പെട്ട് ബഹളം വച്ചു. തുടർന്ന് സിദ്ദരാമയ്യയുടെ കൂടി അഭിപ്രായം തേടിയ സ്പീക്കർ സമയം നിശ്ചയിക്കുകയായിരുന്നു.

അർധരാത്രി വരെ സഭ നീണ്ടത് ദുർ വിധിയാണെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. അതിനിടെ താൻ രാജിവെച്ചുവെന്നുള്ള വാർത്തകൾ വ്യാജമാണെന്ന് കുമാരസ്വാമി സഭയിൽ പറഞ്ഞു. പ്രചരിക്കുന്ന വ്യാജ രാജിക്കത്ത്‌ അദ്ദേഹം സഭയിൽ ഉയർത്തിക്കാട്ടുകയും ചെയ്തു.

error: Content is protected !!