എറണാകുളം ലാത്തിച്ചാർജ്: പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും

കൊച്ചിയിൽ എൽദോ ഏബ്രഹാം എംഎൽഎയ്ക്കും മറ്റു സിപിഐ നേതാക്കൾക്കും പരുക്കേറ്റ വിവാദ ലാത്തിച്ചാർജിൽ പൊലീസിന്റെ ഭാഗത്തുനിന്ന് അമിത ബലപ്രയോഗമുണ്ടായെന്നു കലക്ടർ എസ്. സുഹാസിന്റെ അന്വേഷണ റിപ്പോർട്ട്. ലാത്തിച്ചാർജിനു മുൻപുള്ള നടപടിക്രമങ്ങൾ പാലിച്ചതുമില്ല. ഡിഐജി ഓഫിസ് മാർച്ചിനിടെ സിപിഐ പ്രവർത്തകർ പ്രകോപനമുണ്ടാക്കിയെന്നു കുറ്റപ്പെടുത്തിയിട്ടുമുണ്ട്.

കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസുകാർക്കെതിരെ വേഗത്തിൽ നടപടിയുണ്ടായേക്കും. എം.എൽ.എക്ക് അടക്കം മർദനം ഏൽക്കേണ്ടി വന്ന സംഭവത്തിൽ പൊലീസിന്റെ ഗുരുതര വീഴ്ച ബോധ്യപ്പെട്ട സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകാനാണ് സാധ്യത. പൊലീസുകാർക്കെതിരെ സർക്കാർ സ്വീകരിക്കുന്ന നടപടി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിർണായകമാണ്.

ഭരണകക്ഷി എം.എൽ.എയ്ക്ക് അടക്കം മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോർട്ട്. സി.പി.എം – സി.പി.ഐ ബന്ധത്തിൽ തന്നെ വിള്ളലുണ്ടാക്കിയ സംഭവത്തിൽ പൊലീസിനെതിരെ നടപടിയുണ്ടാകാനാണ് സാധ്യത. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പാർട്ടിയിൽ ചോദ്യം ചെയ്യപ്പെട്ട സംഭവമായത് കൊണ്ട് തന്നെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടാകേണ്ടത് കാനത്തിനും അനിവാര്യമാണ്. പാർട്ടി പ്രവർത്തകർക്ക് കൂടി ബോധ്യപ്പെടും വിധമുള്ള നടപടിയാണ് മുഖ്യമന്ത്രിയിൽ നിന്നും സർക്കാരിൽ നിന്നും കാനവും കൂട്ടരും പ്രതീക്ഷിക്കുന്നത്. പ്രതിസന്ധിയിലും ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രിയെയും തള്ളിപ്പറയാത്ത കാനത്തിന്റെ മുഖം രക്ഷിക്കാനുള്ള നടപടി വേണമെന്ന അഭിപ്രായം സി.പി.എമ്മിലും ശക്തമാണ്.

എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ, ഞാറയ്ക്കൽ സി.ഐ, സെൻട്രൽ എസ്.ഐ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് സി.പി.ഐയുടെ ആവശ്യം. എൽദോ എബ്രഹാം എം.എൽ.എയെ മർദിച്ച എസ്.ഐ വിപിൻദാസിനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. എ.സി അടക്കമുള്ളവർക്കെതിരെ നടപടിയുണ്ടാകുമോയെന്നത് കാത്തിരുന്ന് കാണണം. റിപ്പോർട്ട് സംബന്ധിച്ച് ഡി.ജി.പിയുമായി മുഖ്യമന്ത്രി പ്രാഥമിക ആശയ വിനിമയം നടത്തിയതായാണ് സൂചന. മുഖ്യമന്ത്രി ഡൽഹിയിലാണെങ്കിലും നടപടി വൈകാൻ സാധ്യതയില്ല.

error: Content is protected !!