സിപിഐ വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യനാക്കി.
തൃശൂര്‍: സിപിഐ വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്ന എടവിലങ്ങ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഫിഷറീസ് സ്കൂള്‍ വാര്‍ഡ് മെംബറുമായ ടി എം ഷാഫിയെ തിരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യനാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആറു വര്‍ഷത്തേക്ക് അയോഗ്യനാക്കിയത്.
മുന്നണി ധാരണയനുസരിച്ച് രണ്ടുവര്‍ഷം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഷാഫി സ്ഥാനമൊഴിഞ്ഞ ശേഷം നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. സിപിഐ അംഗമായിരുന്ന ടി എം ഷാഫി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച് ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുകയും സിപിഐ അംഗമായ സുമാ വല്‍സന്റെ വോട്ട് അസാധുവാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിപിഐ സ്ഥാനാര്‍ഥിയായിരുന്ന മിനി തങ്കപ്പന് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജ് നല്കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഷാഫി ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുകയും സുമാ വല്സന്റ വോട്ട് അസാധുവാക്കുകയും ചെയ്തതിനൊപ്പം സിപിഎം അംഗമായ കെ കെ രമേഷ് ബാബുവും വോട്ട് അസാധുവാക്കിയിരുന്നു. ഇതോടെ ബിജെപിയിലെ സജിതാ അമ്പാടി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണുണ്ടായത്. സംഭവത്തോടെ ഷാഫിയെ സിപിഐയില്‍ നിന്നു പുറത്താക്കിയിരുന്നു. ആറ് മാസത്തിന് ശേഷം വൈസ് പ്രസിഡന്റിനെതിരേ കോണ്‍ഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ടി എം ഷാഫി, കെ കെ രമേഷ് ബാബു എന്നിവരുടെയടക്കം പിന്തുണയോടെ പാസ്സാവുകയും ചെയ്തിരുന്നു.