ചാവക്കാട് കൊലപാതകം: പിന്നിൽ എസ്ഡിപിഐ ആണെന്ന് ഉമ്മൻ ചാണ്ടി

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി ആരോപിച്ചു.  സമാധാന അന്തരീക്ഷം തകർക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നത്.  ടി എൻ പ്രതാപൻ എസ്ഡിപിഐ യുടെ പേര് പറയാത്തത് അദ്ദേഹത്തിന് കൂടുതൽ വിവരങ്ങൾ അറിയാത്തത് കൊണ്ടാവുമെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

വെട്ടേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് കൂടിയായ പുതുവീട്ടില്‍ നൗഷാദ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് പുന്ന സെന്ററില്‍ വച്ച്‌ നൗഷാദ് ഉള്‍പ്പെടെ നാലു പേര്‍ക്ക് വെട്ടേല്‍ക്കുകയായിരുന്നു. മറ്റ് മൂന്നു പേരും തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ഇവരെ ആക്രമിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ എസ്ഡിപിഐ അത് നിഷേധിച്ചിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നൗഷാദിന് ഒട്ടേറെ ശത്രുക്കളുണ്ട്. അവരാണ് ആക്രമണം നടത്തിയതെന്നാണ് എസ്ഡിപിഐയുടെ മറുപടി. മുമ്ബ് സിപിഎം പ്രവര്‍ത്തകനായിരുന്ന നൗഷാദ് പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.

കോൺഗ്രസ് നാഥനില്ലാത്ത അവസ്ഥയിലാണെന്ന ശശി തരൂര്‍ എംപിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ഉമ്മൻ ചാണ്ടി തയ്യാറായില്ല. കോൺഗ്രസ് അധ്യക്ഷപദം സംബന്ധിച്ച് അനിശ്ചിതാവസ്ഥയില്ല. പാര്‍ട്ടിയിലെ മുതിർന്ന നേതാക്കൾ ചേർന്ന് തീരുമാനമെടുക്കും. അധ്യക്ഷന്‍ ആരാണെന്നത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

error: Content is protected !!