നടി പ്രിയാരാമന്‍ ബിജെപിയിലേക്ക്

ചെന്നെെ: നടി പ്രിയരാമന്‍ ബിജെപിയിലേക്ക്. തിരുപ്പതി സന്ദര്‍ശനത്തിനെത്തിയ പ്രിയരാമന്‍ ബിജെപി ആന്ധ്ര സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വി സത്യമൂര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് നേതൃത്വത്തെ താന്‍ അറിയിച്ചതായാണ് പ്രിയരാമന്‍ പ്രതികരിച്ചത്. സ്ഥാനത്തിന് വേണ്ടിയല്ല ബിജെപിയില്‍ ചേരുന്നതെന്നും നന്മ മാത്രമാണ് തന്‍റെ ലക്ഷ്യമെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. ഇതുവരെ പക്ഷേ പാര്‍ട്ടി അംഗത്വം പ്രിയ സ്വീകരിച്ചിട്ടില്ല.

ആറാം തമ്പുരാന്‍, സെെന്യം, നമ്പർ വൺ സ്നേഹ തീരം ബാംഗ്ലൂർ നോർത്ത് തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ പ്രിയരാമന്‍ ഇപ്പോള്‍ ചെന്നെെയിലാണ് താമസിക്കുന്നത്. അതിനാല്‍ തമിഴ്നാട് ആയിരിക്കുമോ പ്രവര്‍ത്തന മേഖല എന്ന ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനിക്കുമെന്നാണ് അവര്‍ മറുപടി നല്‍കിയത്. മലയാളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു പ്രിയരാമന്‍.

തമിഴ്നടന്‍ രഞ്ജിത്തുമായുള്ള വിവാഹ ബന്ധം 2014ല്‍ പ്രിയ വേര്‍പെടുത്തിയിരുന്നു. തമിഴ്നാട്ടിലെ പിഎംകെ വെെസ് പ്രസിഡന്‍റ് ആയിരുന്നു രഞ്ജിത്ത്.

error: Content is protected !!