മലിംഗ ഏകദിനത്തിൽ നിന്നും വിരമിക്കുന്നു

കൊളംബോ: ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ലസിത് മലിംഗ ഏകദിന ക്രിക്കറ്റിനോട് വിടപറയുന്നു. ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിന് ശേഷം വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചു. ലോകകപ്പിൽ 13 വിക്കറ്റുകൾ നേടിയ മലിംഗ ലങ്കയ്ക്കായി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ലോക ചാന്പ്യന്മാരായ ഇംഗ്ലണ്ടിനെ ഗ്രൂപ്പ് ഘട്ടത്തിൽ ലങ്ക തോൽപ്പിച്ചതും മലിംഗയുടെ മികവിലായിരുന്നു.

ജൂലൈ 26ന് കൊളംബോയിലാണ് മലിംഗയുടെ വിടവാങ്ങൽ മത്സരം. പരന്പരയിൽ മൂന്ന് ഏകദിനങ്ങൾ ഉണ്ടെങ്കിലും ആദ്യ മത്സരത്തോടെ മലിംഗ കളി മതിയാക്കും. തുടർച്ചയായി പരിക്ക് അലട്ടിയപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും നേരത്തെ തന്നെ മലിംഗ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഏകദിനങ്ങളിലും ട്വന്‍റി-20യിലും മാത്രമായിരുന്നു ശ്രദ്ധ.

അടുത്ത മാസം 36 വയസിൽ എത്തുന്ന മലിംഗ ലങ്കയ്ക്ക് വേണ്ടി 225 ഏകദിനങ്ങളിൽ കളിച്ചിട്ടുണ്ട്. 29.02 ശരാശരിയിൽ 335 വിക്കറ്റുകൾ പുഴുത മലിംഗ ലങ്കയ്ക്ക് ലോകകപ്പ് വിക്കറ്റ് വേട്ടയിൽ മൂന്നാമനാണ്. 73 ട്വന്‍റി-20യും 30 ടെസ്റ്റുകളിലും മലിംഗ പന്തെറിഞ്ഞിട്ടുണ്ട്. ട്വന്‍റി-20യിൽ 97 വിക്കറ്റുകളും ടെസ്റ്റിൽ 101 വിക്കറ്റുകളുമാണ് സന്പാദ്യം.

error: Content is protected !!