ഇനി മുതല്‍ ചെന്നൈയില്‍ വെച്ചും മലയാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ സാധിക്കും

ചെന്നൈ മലയാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്‌സ് അവസരം ഒരുക്കി. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന ചെന്നൈ മലയാളികള്‍ക്ക് എച്ച് ആര്‍ ഡി, വിദേശകാര്യ മന്ത്രാലയം എംബസി അറ്റസ്റ്റേഷന്‍ സേവനം എന്നിവ ഇനി മുതല്‍ ചെന്നൈയിലെ ഗ്രീംസ് റോഡിലെ കെ ടി ഡി സി റെയിന്‍ ഡ്രോപ്‌സ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് ഓഫീസില്‍ ലഭിക്കും.

കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പഠിച്ച ഇതര സംസ്ഥാനക്കാര്‍ക്കും സേവനം ഉപയോഗപ്പെടുത്താം. എംബസി സാക്ഷ്യപ്പെടുത്തലിന് ഏതു സംസ്ഥാനക്കാര്‍ക്കും അപേക്ഷിക്കാം. എച്ച് ആര്‍ ഡി സാക്ഷ്യപ്പെടുത്തല്‍ ഒരാഴ്ച്ച കൊണ്ടും എംബസി സാക്ഷ്യപ്പെടുത്തല്‍ ഒരു മാസം കൊണ്ടും നടത്താനാവുമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

അസല്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റും രണ്ടു പകര്‍പ്പും, പാസ്‌പോര്‍ട്ടിന്റെ അസലും പകര്‍പ്പും എന്നിവയാണ് സാക്ഷ്യപ്പെടുത്തലിനായി ഹാജരാക്കേണ്ട രേഖകള്‍. എന്‍ ആര്‍ കെ ഡവലപ്‌മെന്റ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്തലുടന്‍ അസല്‍ പാസ്‌പ്പോര്‍ട്ട് തിരിച്ച് നല്‍കും. അപേക്ഷിച്ച് 10 ദിവസത്തിനകം അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കും. ഇതിനു സര്‍വ്വീസ് ചാര്‍ജ്ജായി 708 രൂപയാണ് ഈടാക്കുന്നത്. 200 രൂപ തപാല്‍ നിരക്കും ഓരോ സര്‍ട്ടിഫിക്കറ്റിനും 75 രൂപ വീതവും നല്‍കണം. കേരളത്തില്‍ പഠിച്ചവരാണെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തലിനും നോര്‍ക്ക ഓഫീസില്‍ അപേക്ഷിക്കാം.

തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവര്‍ തമിഴ്‌നാട്ടിലാണ് എച്ച് ആര്‍ ഡി, വിദേശകാര്യ മന്ത്രാലയ സാക്ഷ്യപ്പെടുത്തല്‍ നടത്തേണ്ടത്. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയറ്റിലെ താഴത്തെ നിലയിലുള്ള ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് വിഭാഗത്തില്‍ ഇതിനുള്ള സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. തമിഴ്‌നാട്ടില്‍ പഠിച്ചവര്‍ക്കും എംബസി അറ്റസ്റ്റേഷനായി നോര്‍ക്കയെ സമീപിക്കാം.

ബഹ്‌റൈന്‍, കുവൈറ്റ്, യു എ ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ എംബസി അറ്റസ്റ്റേഷനുള്ള സംവിധാനവും നോര്‍ക്ക ഓഫീസില്‍ ഏര്‍പ്പെടുത്തും. അമേരിക്ക, ബ്രിട്ടന്‍, ഒമാന്‍ തുടങ്ങിയ 98 രാജ്യങ്ങളിലെ അപ്പോസ്റ്റല്‍ അറ്റസ്റ്റേഷനും ചെന്നൈ ഓഫീസില്‍ നിര്‍വ്വഹിക്കാം.
യു എ ഇ 3750 രൂപ, കുവൈറ്റ് 1250 രൂപ, ബഹ്‌റൈന്‍ 2750 രൂപ, ഖത്തര്‍ 3000 രൂപ എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ അറ്റസ്റ്റേഷന്റെ നിരക്കുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) എന്നീ ടോള്‍ഫ്രീ നമ്പരിലും, 044-28293020 എന്ന നമ്പരിലും ബന്ധപ്പെടണം.

error: Content is protected !!