യൂണിവേഴ്‌സിറ്റി കോളേജില്‍ കത്തിയെടുത്ത സംഘത്തിലെ രണ്ടു പേര്‍ പോലീസ് നിയമനം കാത്തിരിക്കുന്നവര്‍

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ട സംഭവം ആസൂത്രിതമായിരുന്നുവെന്ന് എഫ്.ഐ ആര്‍. അഖിലിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കുത്തിയതെന്നും അക്രമത്തിനുപിന്നില്‍ മുന്‍വൈരാഗ്യമാണെന്നും എഫ്.ഐ ആറിലുണ്ട്. എസ്.എഫ്.ഐ നേതൃത്വം പറയുന്നത് അഖില്‍ അനുസരിക്കാത്തതിലെ പകയാണ് അക്രമത്തിലേക്ക് നയിച്ചത് എന്നും എഫ്.ഐ ആര്‍ പറയുന്നു.

അതേ സമയം കേസ് ഒതുക്കി തീര്‍ക്കാന്‍ സി.പി.എം അനുനയ നീക്കവുമായി രംഗത്തെത്തിയതായി അഖിലിന്റെ പിതാവ് ആരോപിച്ചു. കേസുമായി മുന്നോട്ടുപോകുന്നുണ്ടോ എന്ന് സി.പി.എം നേതൃത്വം ചോദിച്ചതായി അഖിലിന്റെ പിതാവ് ചന്ദ്രന്‍ പറഞ്ഞു. കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കേസ് ഒതുക്കി തീര്‍ക്കാന്‍ സിപി.എം ജില്ലാ നേതൃത്വം ശ്രമിച്ചതായി അഖിലിന്റെ സുഹൃത്ത് ജിതിനും ആരോപിച്ചു. എന്നാല്‍ ഇത് നിഷേധിച്ച് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്തെത്തി.

എന്നാല്‍ പ്രതികള്‍ ഒളിവില്‍ തുടരുമ്പോള്‍ കേസ് പ്രത്യേക സംഘം തന്നെ അന്വേഷിക്കും. കന്റോണ്‍മെന്റ് സി.ഐക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഒളിവിലാണെന്നാണ് പൊലിസ് പറയുന്നത്. എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണ് അഖിലിനെ കുത്തിയതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഇയാളടക്കമുള്ളവരാണ് ഒളിവില്‍ പോയത്.

കേസിലെ പ്രതികളായ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തും സെക്രട്ടറി നസീമും പൊലിസ് സെലക്ഷന്‍ ലഭിച്ച് നില്‍ക്കുന്നവരാണ്. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 28ാം റാങ്കുമാണുള്ളത്. നേരത്തെ പാളയത്ത് പൊലിസിനെ ആക്രമിച്ച കേസിലും നസീം പ്രതിയാണ്.

അഖില്‍ ഉള്‍പ്പെടെയുള്ള സംഘം മൂന്ന് ദിവസം മുമ്പ് കാന്റീനില്‍ ഒത്തുചേര്‍ന്ന് പാട്ടു പാടിയത്. എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി നേതാക്കള്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇന്നലെ കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ഇതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു. പ്രതികളെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

error: Content is protected !!