യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ചേർന്നാണ് യൂണിറ്റ് പിരിച്ചുവിടാൻ തീരുമാനിച്ചത്. യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ ചേർന്ന് കോളജിലെ ബിരുദ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവവും പിന്നാലെയുണ്ടായ സംഘർഷങ്ങളും കണക്കിലെടുത്താണ് സംസ്ഥാന നേതൃത്വത്തിന്‍റെ നടപടി. യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടുമെന്ന് സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് അറിയിച്ചു.

എസ്എഫ്ഐ എന്ന സംഘടനയ്ക്ക് ചേരും വിധം വിദ്യാർഥികളോട് ചേർന്ന് നിൽക്കുന്ന പുതിയ യൂണിറ്റ് രൂപീകരിക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതികളായ ഏഴ് പേരെയും സംഘടനയിൽ നിന്നും പുറത്താക്കും. സംഭവത്തിലെ പോലീസ് അന്വേഷണം പൂർത്തിയായ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

യൂണിവേഴ്സിറ്റി കോളജിലെ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്‍റ് വി.പി.സാനു വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സംഘടനയ്ക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം ഉയർന്നതോടെയാണ് നടപടി വൈകിയത്.

കോളജിലെ എസ്എഫ്ഐ നേതാക്കൾക്കെതിരേ വിദ്യാർഥികളിൽ ഭൂരിഭാഗവും പരാതികൾ ഉന്നയിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്ന നേതൃത്വത്തിനെതിരേയും വിമർശനം ഉയർന്നതോടെയാണ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനമുണ്ടായത്.

error: Content is protected !!