മലയാളി ഐഎസ് റിക്രൂട്ടര്‍ റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍,

കാബൂള്‍: മലയാളികളെ ഭീകര സംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നല്‍കിയിരുന്ന കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടതായി സംശയം. യുഎസ് നടത്തിയ ബോംബാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഐഎസിന്റെ ടെലഗ്രാം ഗ്രൂപ്പിലാണ് ഇതുമായി ബന്ധപ്പെട്ട സന്ദേശം പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന റാഷിദ് അബ്ദുല്ലയുടെ ടെലഗ്രാം അക്കൗണ്ട് ഒരു മാസത്തോളമാണ് ആക്ടീവല്ല. ഇത് അദ്ദേഹം കൊല്ലപ്പെട്ടതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ശബ്ദ സന്ദേശത്തിലൂടെ അയാള്‍ തന്നെ ഇത് നിഷേധിച്ച് രംഗത്ത് വരികയാണുണ്ടായത്. തൃക്കരിപ്പൂര്‍ സ്വദേശിയായ റാഷിദ് അബ്ദുല്ലയാണ് മലയാളികളെ ഐഎസില്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. 2016 മെയിനും ജൂണിനും ഇടയില്‍ 21ഓളം പെരെ ഇയാള്‍ ഐഎസില്‍ എത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാസര്‍കോട് പടന്ന സ്വദേശികളാണ് ഇയാള്‍ വഴി ഐഎസില്‍ ചേര്‍ന്നതെന്നാണ് വിവരം.

സലഫി ആശയക്കാരാണ് ഐഎസിലേക്ക് കൂടുതലയായും കടന്നുവരുന്നതെന്ന് അടുത്തിടെ ഒരു ടെലഗ്രാം സന്ദേശത്തില്‍ റാഷിദ് അബ്ദുല്ല വെളിപ്പെടുത്തിയിരുന്നു. ദമ്മാജ് വിഭാഗം സലഫികളാണ് ഇതില്‍ കൂടുതലെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു.

error: Content is protected !!