അസമില്‍ നിന്ന് അരുണാചലിലേക്കു പറന്ന വ്യോമസേനാ വിമാനം കാണാതായി.

ഗുവാഹത്തി: അസമിലെ ജോര്‍ഹതില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മെഷൂക അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ടിലേക്ക് 13 പേരുമായി യാത്ര തിരിച്ച ഇന്ത്യന്‍ വ്യോമസേനയുടെ ആന്റണോവ് എ എന്‍-32 വിമാനം കാണാതായി. അഞ്ച് യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് ഉച്ചക്ക് 12.25ന് ലക്ഷ്യസ്ഥാനത്ത് എത്തേണ്ട വിമാനമാണ് കാണാതായത്. ഒരു മണിക്കു ശേഷം വിമാനത്തിന് നിയന്ത്രണ സംവിധാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

വിമാനം കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരികയാണെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. സുഖോയ്-30 കോമ്പാറ്റ് എയര്‍ക്രാഫ്റ്റും സി-130 പ്രത്യേക ഒ പി എസ് എയര്‍ക്രാഫ്റ്റും ഉപയോഗിച്ചാണ് തിരച്ചില്‍. 1983ലാണ് എന്‍-32 വിമാനങ്ങളെ വ്യോമസേനയുടെ ഭാഗമാക്കിയത്. 2016 ജൂലൈയില്‍ 29 പേരുമായി ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്ക് പറന്ന ഈ ശ്രേണിയില്‍ പെട്ട വിമാനം കാണാതായിരുന്നു. വിപുലമായ തിരച്ചില്‍ നടത്തിയെങ്കിലും ആ വിമാനം കണ്ടെത്താനായിരുന്നില്ല.

error: Content is protected !!