മുസാഫര്‍പൂരിലെ മസ്‌തിഷ്‌ക ജ്വരം: മരണ സംഖ്യ 84 ആയി.

പട്ന: ബീഹാറിലെ മുസാഫര്‍പൂരിലും സമീപ ജില്ലകളിലും മസ്‍തിഷ്ക ജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 84 ആയി. 1-10 എന്നീ പ്രായത്തിനിടയിലുള്ള കുട്ടികളാണ് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. സംസ്ഥാനത്തെ അമിത ചൂടാണ് മസ്‍തിഷ്ക ജ്വരത്തിന് കാരണമാകുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ് വര്‍ധൻ മുസാഫര്‍പൂരിലെ ആശുപത്രി സന്ദര്‍ശിച്ചു. മസ്‍തിഷ്ക ജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നൽകുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.

ശക്തമായ പനിയും തലവേദനയുമാണ് രോഗത്തിന്റെ ലക്ഷണം. രക്തത്തിൽ ഗ്ളൂക്കോസിൻ്റെ അളവ് കുറ‍ഞ്ഞാണ് പെട്ടെന്ന് മരണം സംഭവിക്കുന്നത്. എന്നാൽ എന്താണ് മസ്‍തിഷ്ക ജ്വരത്തിലേക്ക് നയിക്കുന്ന ഘടകമെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

സര്‍ക്കാരിന് കഴിയുന്നതെല്ലാം ചെയ്യുകയാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ പറഞ്ഞു. സര്‍ക്കാരിൻ്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമായതെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പട്ന എയിംസ് ആശുപത്രിയിൽ നിന്ന് കൂടുതൽ മെഡിക്കൽ സംഘത്തെ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസാഫർപൂർ ജില്ലയിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലും കൃഷ്ണദേവി ആശുപത്രിയിലുമാണ് കൂട്ടമരണമുണ്ടായത്. ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ മാത്രം 61 കുട്ടികളാണ് മരിച്ചത്.

error: Content is protected !!