സംസ്ഥാനത്ത് മഴ വ്യാപകം. ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

തിരുവനന്തപുരം: കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കെടുതിയില്‍ മുങ്ങി കേരളം. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായി. ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും കനത്ത കാറ്റും മഴയും ഉണ്ടായേക്കും. കാലവര്‍ഷ കെടുതികളില്‍ ഇന്നലെ മാത്രം സംസ്ഥാനത്ത് മൂന്നു പേര്‍ മരിച്ചു. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

‘വായു’ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളം ഇല്ലെങ്കിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കും. തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാകും. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമായി.

കൊടുങ്ങല്ലൂര്‍, ചാവക്കാട് കടപ്പുറത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. 419 പേരെ മാറ്റി പാര്‍പ്പിച്ചു. അഴീക്കോട് മുതല്‍ കാര വരെ തീരദേശം പൂര്‍ണമായും വെള്ളത്തിലാണ്. പൊന്നാനിയില്‍ നൂറിലേറെ വീടുകള്‍ തകര്‍ച്ച ഭീഷണിയിലാണ്. അമ്പലപ്പുഴയില്‍ കടലാക്രമണ ഭീഷണിയിലായ ജനങ്ങള്‍ ദേശീയപാത ഉപരോധിച്ചു.

വര്‍ഷങ്ങളായി ആവശ്യപ്പെട്ടിട്ടും കടല്‍ഭിത്തി നിര്‍മ്മിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. ജില്ലാ കലക്ടര്‍ എത്തിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്. അമ്പലപ്പുഴയില്‍ മാത്രം രണ്ടു വീടുകള്‍ പൂര്‍ണമായും 30 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കോഴിക്കോട് കടലാക്രമണത്തില്‍ നിരവധി പേര്‍ക്ക് കിടപ്പാടം നഷ്ടമായി. കണ്ണൂരില്‍ പയ്യാമ്പലം ബീച്ചിന്റെ ഭൂരി ഭാഗവും കടലെടുത്തു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ഡങ്കിപ്പനി പടര്‍ന്നു പിടിക്കുന്നത് ആരോഗ്യ മേഖലയില്‍ ഭീഷണിയായിരിക്കുകയാണ്.

error: Content is protected !!