ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

കൊല്‍ക്കത്ത: ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഒരാഴ്‍ച്ച നീണ്ടു നിന്ന സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കും.

ചര്‍ച്ചയില്‍ തീരുമാനിച്ചത് അനുസരിച്ച് സംസ്ഥാനത്തെ മെ‍ഡിക്കല്‍ കോളേജുകളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കായി പരാതി പരിഹാര സെല്ലുകള്‍ സ്ഥാപിക്കും. ജോലി ചെയ്യാന്‍ ഭയമാണെന്നും ഡോക്ടര്‍മാരെ മര്‍ദ്ദിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

കൊല്‍ക്കത്ത എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടര്‍മാരെ ആള്‍ക്കൂട്ടം ക്രൂരമായി ആക്രമിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയത്. ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ പിന്തുണയോടെ നടന്ന സമരം, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരും പിന്തുണച്ചു.

ദിവസങ്ങള്‍ക്ക് ശേഷമാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി സമരം ചെയ്യുന്നവര്‍ ചര്‍ച്ചയ്‍ക്ക് തയാറായത്. ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്ന് മമത ബാനര്‍ജി അന്ത്യശാസനം നല്‍കിയിരുന്നു. ഇതാണ് സംഘടനകളെ ചൊടിപ്പിച്ചത്. സമരം രൂക്ഷമായതോടെ മമത നിലപാട് മയപ്പെടുത്തി.

ചര്‍ച്ച നടത്താന്‍ തയാറാണെന്നും ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. ജോലിയില്‍ തിരികെ ചേരാന്‍ ഒരുക്കമാണെന്നും, മമത ബാനര്‍ജി പ്രശ്‍നങ്ങള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കിയ ഡോക്ടര്‍മാര്‍, മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ മാത്രമേ ചര്‍ച്ചയ്‍ക്കുള്ളൂ എന്ന് നിലപാടും സ്വീകരിച്ചു.

നേരത്തെ മമത ബാനര്‍ജിയുടെ കടുത്ത നിലപാടില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ സർക്കാർ എഴുന്നൂറോളം സർക്കാർ ഡോക്ടർമാർ രാജിവെച്ചിരുന്നു. ഉടന്‍ തന്നെ പ്രശ്‍നങ്ങള്‍ പരിഹരിക്കണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.

75 കാരനായ രോഗി മരിച്ചതിനെ തുടർന്നാണ് കൊൽക്കത്തയിൽ റസിഡന്‍റ് ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചത്. പരിക്കേറ്റ ഡോക്ടർ ചികിത്സയിലാണ്. ആയുധങ്ങൾ ഉപയോഗിച്ച് അക്രമികൾ ഡോക്ടറെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് തലയ്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

error: Content is protected !!