അന്തര്‍ദേശീയ ശ്രദ്ധ നേടിയ മലയാളചിത്രം ’24 ഡെയ്‌സി’ന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഇന്ന് പൂനെയില്‍

അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ ശ്രദ്ധ പുരസ്‌കാരങ്ങള്‍ നേടിയ മലയാളചിത്രം ’24 ഡെയ്‌സി’ന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഇന്ന്. പൂനെയില്‍ നടക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ഇന്ന് പ്രദര്‍ശനം. മേളയിലെ ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ മത്സരിക്കുന്ന ചിത്രത്തിന് സംവിധായകനും ഛായാഗ്രാഹകനുമുള്ള നോമിനേഷനുകളാണ് ലഭിച്ചിരിക്കുന്നത്.

ചിലിയില്‍ നടന്ന സൗത്ത് ഫിലിം ആന്‍ഡ് ആര്‍ട്‌സ് അക്കാദമി ഫെസ്റ്റിവലില്‍ മികച്ച സംവിധായകനും നടനുമുള്‍പ്പെടെ ഒന്‍പത് പ്രധാന പുരസ്‌കാരങ്ങള്‍ ചിത്രം സ്വന്തമാക്കിയിരുന്നു. ആഫ്രിക്കൻ ഓസ്കാർ നേടിയ ‘’സം ടൈംസ് ഇൻ ബാൾട്ടിമോർ’’ ഉൾപ്പെടെ ശ്രദ്ധേയങ്ങളായ ഒട്ടനവധി സിനിമകളോട് മാറ്റുരച്ചാണ് 24 ഡെയ്‌സിന്റെ സമാനതകളില്ലാത്ത ഈ നേട്ടം.

സ്വിറ്റ്‌സര്‍ലന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച വിദേശചിത്രത്തിനുള്ള പുരസ്‌കാരവും 24 ഡേയ്സ് നേടിയിരുന്നു. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ 24 ദിവസങ്ങള്‍ കൊണ്ടു സംഭവിക്കുന്ന വഴിത്തിരിവുകളാണ് ചിത്രത്തിന്റെ പ്രമേയം. കന്യാകുമാരി മുതല്‍ ഹിമാലയം വരെയുള്ള ഒരു ബൈക്ക് റാലിയുടെ സമയം കൂടിയാണ് ഈ 24 ദിവസങ്ങള്‍. ലെറ്റ്ഗോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുകൂട്ടം സിനിമാപ്രേമികള്‍ ചേര്‍ന്ന് ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 24 ഡേയ്സിന് ശേഷമുള്ള പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍ ആണ് ഇപ്പോള്‍ ലെറ്റ്ഗോ ടീം.

error: Content is protected !!