ഈ വര്‍ഷം മുതല്‍ നീന്തലും പാഠ്യ വിഷയം: വിദ്യാഭ്യാസ മന്ത്രി.

തൃശൂര്‍: ഈ വര്‍ഷം തന്നെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നീന്തല്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു സ്വിമ്മിങ് പൂളെങ്കിലും നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ചെമ്പൂച്ചിറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

1,60,000 കുട്ടികളാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനായി പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒന്നാംക്ലാസിലും പതിനൊന്നാം ക്ലാസിലും പ്രവേശനം നേടിയ കുട്ടികളെ രാവിലെ 8.30 മുതല്‍ സമ്മാനങ്ങള്‍ നല്‍കിയാണ് സ്വീകരിച്ചത്.

കേരളത്തിന്റെ അക്കാദമിക് മികവ് അന്താരാഷ്ട്ര നിലവാരത്തില്‍ എത്തണമെന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.
എല്ലാവരുടെയും സഹകരണത്തോടെ ഇത് സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. അറുപതോളം കുട്ടികളാണ് ഈ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിട്ടുള്ളത്.

ഒന്നാം ക്ലാസ് മുതല്‍ 12 വരെ ക്ലാസുകള്‍ ഒരുമിച്ച് തുടങ്ങാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മന്ത്രി അവകാശപ്പെട്ടു.
മനസില്‍ നിറയെ പ്രതീക്ഷകളോടെയാണ് കുട്ടികള്‍ വരുന്നത്. ആ പ്രതീക്ഷ അര്‍ത്ഥപൂര്‍ണമാക്കുക എന്നതാണ് നമ്മുടെ കടമ. അത് നാം ഏറ്റെടുക്കണം. എല്ലാ സ്‌കൂളുകളിലേക്കും കടന്നുവന്ന കുട്ടികളെ വിദ്യാഭ്യാസ വകുപ്പിനുവണ്ടി സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.

എല്ലാ ക്ലാസുകളും ഒരുമിച്ച് തുടങ്ങാന്‍ കഴിഞ്ഞതിലൂടെ അക്കാദമിക് ആസൂത്രണത്തിന് കൂടുതല്‍ സമയം ലഭിക്കുന്നു. സ്‌കൂളുകള്‍ കൂടുതല്‍ ഹൈടെക് ആകാന്‍ പോകുന്നതും ഈ വര്‍ഷം തന്നെയാണ് മന്ത്രി പറഞ്ഞു.

error: Content is protected !!