വിദ്യാര്‍ത്ഥിനികളും അധ്യാപികമാരും സമരത്തില്‍: ചിന്മയ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

 

കണ്ണൂർ: തളാപ്പ് ചിന്മയ മിഷൻ വനിതാ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. രണ്ട് ദിവസമായി തുടരുന്ന വിദ്യാർത്ഥി സമരത്തെ തുടർന്നാണിത്. നാളെ മുതൽ അധ്യാപികമാരും സമരത്തിനിറങ്ങും.

ഇന്ന്‌ സമരം രൂക്ഷമായതോടെ വിദ്യാർഥിനികളെ പ്രിൻസിപ്പൽ നിർബന്ധിച്ച് ക്യാമ്പസിന് പുറത്തേക്ക് വിട്ടു. തുടർന്ന് ഗേറ്റിന് പുറത്ത് വിദ്യാർഥികൾ റോഡ് ഗതാഗതം തടസ്സപ്പെടുത്തി. പോലീസെത്തി വിദ്യാർത്ഥിനികളെ വീണ്ടും കോളേജിനകത്താക്കി. പ്രശ്നം സംസാരിക്കാൻ പോയ വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരോട് പ്രിൻസിപ്പൽ തട്ടിക്കയറി.

ഇന്നലെ രക്ഷിതാക്കളുടെ യോഗം വിളിക്കാൻ മാനേജ്മെൻറ് അറിയിപ്പ് കൊടുത്തുവെങ്കിലും രക്ഷിതാക്കൾ ആരും യോഗത്തിന് എത്തിയില്ല. തുടർന്ന് കുട്ടികൾ കോളേജിൽ എത്തിയില്ല എന്ന് പറഞ്ഞ് രക്ഷിതാക്കളെ ഭീതിയിലാക്കി കോളേജിൽ നിന്നും ഫോൺ സന്ദേശം പോയി.

എട്ട് വർഷമായി സ്ഥിരം തസ്തികയിൽ ജോലി ചെയ്യുന്ന നിയമാധ്യാപികമാരെയാണ് കഴിഞ്ഞ ദിവസം മാനേജ്മെന്റ് പിരിച്ചുവിട്ട് കരാറടിസ്ഥാനത്തിലാക്കിയത്. വെക്കേഷൻ ശമ്പളം നൽകാത്തത് ഉൾപ്പെടെ മറ്റ് നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നവരും സ്ഥാപനത്തിലുണ്ട്. ഇവരൊക്കെ തുടർ ദിവസങ്ങളിൽ സമരരംഗത്തിറങ്ങാനാണ് പരിപാടി.

മാനേജ്മെന്റിന്റെ തെറ്റായ നടപടികൾക്കെതിരെ പ്രതികരിക്കുന്നവരെ തെരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണ്. മാനേജ്മെന്റിന്റെ ധിക്കാരവും ധാർഷ്ട്യവും അവസാനിപ്പിക്കണമെന്നും കോളേജിൽ വിദ്യാർത്ഥികൾക്കും അധ്യാപികമാർക്കും എതിരെ നടത്തുന്ന പീഢനങ്ങൾ നിർത്തുന്നതുവരെ സമരം തുടരുമെന്നും വിദ്യാർത്ഥികൾ അറിയിച്ചു. മാനേജ്മെന്റിന്റെ വിദ്യാർത്ഥി – അധ്യാപക ദ്രോഹ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

error: Content is protected !!