കാസർഗോഡ് 3 ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തതായി മീണ സ്ഥിരീകരിച്ചു.

കാസര്‍കോട് മുസ്‍ലിം ലീഗിനെതിരായ കള്ളവോട്ട് പരാതി സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മുഹമ്മദ് ഫായിസ്, അബ്ദുൽ സമദ് എന്നിവര്‍ രണ്ട് തവണയും മുഹമ്മദ് കെ.എം മൂന്ന് തവണയും വോട്ട് ചെയ്തെന്ന് കണ്ടെത്തി. കള്ളവോട്ട് ചെയ്ത മൂന്ന് പേര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

കല്യാശ്ശേരിയില്‍ 69, 70 ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് വ്യക്തമായെന്നാണ് ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. നാല് പേർ പല സമയങ്ങളിൽ ബൂത്തിൽ പ്രവേശിച്ചു. മുഹമ്മദ് ഫായിസ്, ആഷിഖ്, അബ്ദുല്‍ സമദ്, മുഹമ്മദ് കെ.എം എന്നിവരാണ് പ്രവേശിച്ചത്. ഇവരില്‍ മൂന്ന് പേര്‍ ഒന്നില്‍ക്കൂടുതല്‍ തവണ വോട്ട് ചെയ്തെന്ന് വ്യക്തമായി. എന്നാല്‍ ആഷിഖ് ഒന്നില്‍ കൂടുതല്‍ വോട്ട് ചെയ്തിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

ഒരാളെ കള്ളവോട്ടിന് പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് ബൂത്ത് ഏജന്‍റാണെന്നാണ് മൊഴി. ബൂത്ത് ഏജന്‍റിനെതിരെ നടപടി ശുപാര്‍ശ ചെയ്യും. ക്രമക്കേട് നടന്നതിനെ കുറിച്ച് അറിയില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. തെളിവെടുപ്പിന് ഹാജരാകാതിരുന്ന സമദിനെതിരെ വാറണ്ട് പുറപ്പെടുവിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

error: Content is protected !!