ദേശീയ പാതാവികസനം ; കേന്ദ്രത്തിനും പിള്ളയ്ക്കുമെതിരെ ആഞ്ഞടിച്ച് പിണറായി .’ശ്രീധരൻ പിള്ള സാഡിസ്റ്റ്’

കേരളത്തിലെ ദേശീയ പാത വികസനം തടസപ്പെടുത്താൻ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യാതൊരു കാരണവും പറയാതെയാണ് സംസ്ഥാനത്തെ ദേശീയ പാത വികസനത്തിൽ നിന്ന് ദേശീയ പാത അതോറിറ്റി പിൻമാറുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സ്ഥലമേറ്റെടുപ്പ് അടക്കം നടപടികൾ ക്രിയാത്മകമായി മുന്നോട്ട് പോകുകയാണ്. ഇതിനിടയിലാണ് പദ്ധതി നിര്‍ത്തിവയ്കക്കാൻ തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സംസ്ഥാനത്തെ വികസനത്തിന്‍റെ ചിറക് അരിയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. പ്രളയത്തിന്റെ പേരു പറഞ്ഞ് ദേശീയ പാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നിര്‍ത്തി വയ്ക്കണമെന്ന് കേന്ദ്രത്തിന് കത്തെഴുതിയ പിഎസ് ശ്രീധരൻ പിള്ളയുടെ നടപടിയേയും മുഖ്യമന്ത്രി നിശിതമായ ഭാഷയിലാണ് വിമര്‍ശിച്ചത്. പരാതി ഉണ്ടെങ്കിൽ അത് പറയേണ്ടിയിരുന്നത് സംസ്ഥാന സര്‍ക്കാറിനോടാണ്. രഹസ്യമായി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയ പിഎസ് ശ്രീധരൻ പിള്ള സാഡിസ്റ്റാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനവുമായി ഒരു ചര്‍ച്ചയും നടത്താതെയാണ് പദ്ധതി നിര്‍ത്തി വയ്ക്കാൻ തീരുമാനിച്ചത്. കാരണം വ്യക്തമാക്കുന്നുമില്ല. തെര‍ഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ദേശീയ പാത വികസന പദ്ധതി നിര്‍ത്തി വയ്ക്കാൻ തീരുമാനിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രണ്ട് വര്‍ഷത്തേക്ക് തുടര്‍ നടപടികൾ നടത്താനാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് ഉദ്ദേശ്യം. ഇടത് സര്‍ക്കാരിന്‍റെ കാലയളവിൽ ദേശീയ പാത വികസനം സാധ്യമല്ലാതാക്കുകയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.

error: Content is protected !!