മോദിക്കെതിരെ മുദ്രാവാക്യം ; വിദ്യാർത്ഥികളെ തിരുത്തി പ്രിയങ്ക

രാജ്യത്തിന്റെ പല ഭാഗങ്ങളിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായെങ്കിലും ഇപ്പോഴും മറ്റു പലയിടങ്ങളും പ്രചാരണച്ചൂടിലാണ്. കഴിഞ്ഞ ദിവസം അമേഠിയില്‍ എത്തിയ പ്രിയങ്ക ഗാന്ധി കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന വീഡിയോ വൈറലാകുകയാണ്.

അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതായിരുന്നു പ്രിയങ്ക. ചൌക്കീദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യത്തോടെ ആണ് പ്രിയങ്കയെ ചുറ്റുംകൂടിയ കുട്ടികള്‍ വരവേറ്റത്. പുഞ്ചിരിയോടെ കുട്ടികളുടെ ആവേശ മുദ്രാവാക്യം വിളി പ്രിയങ്ക കേട്ടുനിന്നു. ഇതിനിടെ ആവേശം മുറുകിയതോടെ കുട്ടികള്‍ മോദിക്കെതിരെയും മുദ്രാവാക്യം വിളിച്ചു. പെട്ടെന്ന് തന്നെ വാ പൊത്തിയ പ്രിയങ്ക, അവരെ നിരുത്സാഹപ്പെടുത്തുകയും നല്ല മുദ്രാവാക്യം മാത്രം വിളിക്കണമെന്നും ഉപദേശിച്ചു.

തുടര്‍ന്ന് കുട്ടികള്‍ രാഹുല്‍ ഗാന്ധിക്കായി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. വീഡിയോ വൈറലായതോടെ പ്രിയങ്കയ്ക്കും കോണ്‍ഗ്രസിനുമെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. കുട്ടികളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിമര്‍ശനം.
error: Content is protected !!