ദീർഘ ദൂര സ്വകാര്യ ബസ്സുകളുടെ അമിത ചാർജ് അവസാനിക്കുന്നു ; സർക്കാർ ഇടപെടൽ വിജയം

അന്യ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ അമിത നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കും എന്ന് ബസ് ഉടമകളുടെ ഉറപ്പ്. ഏകീകൃത നിരക്ക് നിശ്ചയിച്ച് നല്‍കണം എന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ കണ്ട് ബസ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു. അമിത നിരക്ക് ഈടാക്കുന്ന ബസുകളെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തില്‍ നിന്ന് പുറത്താക്കാന്‍ നടപടി എടുക്കും എന്നും സംഘടന പ്രതിനിധികള്‍ അറിയിച്ചു.

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് രക്ഷ നേടാന്‍ ചില സ്വകാര്യ ബസുകള്‍ അമിത നിരക്ക് ഇടാക്കുന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. പിന്നാലെ ഗതാഗത വകുപ്പിന്റെ നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറാണെന്നും, ബസുകള്‍ വഴിയില്‍ തടഞ്ഞുള്ള പരിശോധനകള്‍ നിർത്തണമെന്നും ബസ് ഉടമകളുടെ സംഘടന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ കണ്ട് ആവശ്യപ്പെട്ടു. ബസുകളുടെ കുറഞ്ഞ നിരക്കും കൂടിയ നിരക്കും ഗതാഗത വകുപ്പ് നിശ്ചയിച്ച് നല്‍കണം. അതിനു ശേഷം അമിത നിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുന്നതിൽ എതിർപ്പില്ല. ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകളില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്ന ബസുകൾ ഒഴിവാക്കാന്‍ ആവശ്യപ്പെടും.

യാത്രക്കാരുടെ പരാതി പരിഹാരത്തിന് സ്ഥിരം സംവിധാനം വേണം. എല്ലാ ബസിലും പരാതികള്‍ അറിയിക്കാനുള്ള മൊബൈല്‍ നമ്പരും, ഈ മെയില്‍ വിലാസവും നൽകാൻ തയാറാണ്. ഇതിന് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും, ബസ് ഉടമകളുടെ പ്രതിനിധികളും, യാത്രക്കാരുടെ പ്രതിനിധികളും ഉൾപ്പെടുന്ന പാസഞ്ചര്‍ ഫോറം രൂപീകരിക്കണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. എന്നാൽ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് തുടരുമെന്നും, സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

error: Content is protected !!