വാക്കേറ്റം റോഡിൽ തുടങ്ങി,കാറിനു മുകളിൽ കയറി ; നടപടിയുമായി ദുബായ് പോലീസ്…!!!

ദുബൈയിലെ ഹോട്ടലില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്ന വാലേ പാര്‍ക്കിങ് ജീവനക്കാരനും യുവതിയും തമ്മിലെ തര്‍ക്കം ഒടുവില്‍ നടുറോഡിലെ സാഹസികരംഗമായി മാറി. സിനിമയെ വെല്ലുന്ന സാഹസിക വീഡിയോ ഇപ്പോള്‍ വൈറലാണ്. പക്ഷെ, തര്‍ക്കത്തിലെ കക്ഷികള്‍ മാത്രമല്ല, വീഡിയോ പകര്‍ത്തിയ യുവാവും കേസിലകപ്പെട്ടിരിക്കുകയാണ്.

ദുബൈ നഗരത്തില്‍ ബുര്‍ജുല്‍ അറബ് പരിസരത്തെ ഒരു ട്രാഫിക് സിഗ്നലിലാണ് സംഭവം. ഹോട്ടലില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്ന വാലേ പാര്‍ക്കിങ് ജീവനക്കാരനാണ് കാറിന്റെ ബോണറ്റിലിരിക്കുന്നത്. കാറോടിക്കുന്ന യുവതി വാലേ പാര്‍ക്കിങിന് ഉപയോഗിച്ച ടിക്കറ്റിന്റെ പണം നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രംഗം വഷളാക്കിയത്. കാറുമായി ഏതെങ്കിലും തരത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവതിയും, ജീവന്‍ പണയപ്പെടുത്തിയും വാഹനം തടയാന്‍ ശ്രമിക്കുന്ന ജീവനക്കാരനും. ഈ വീഡിയോ  ഗള്‍ഫിലിപ്പോള്‍ വൈറലാണ്.

  • വീഡിയോ

അതോടെ, വാഹനമോടിച്ച യുവതിയും ബോണറ്റിലിരുന്ന ജീവക്കാരനും മാത്രമല്ല, വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമത്തിലിട്ട മൂന്നാമനും കുടുങ്ങി. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധം പെരുമാറിയതിനാണ് ഡ്രൈവര്‍ക്കും വാലേ ജീവനക്കാരനുമെതിരെ കേസെങ്കില്‍, സ്വകാര്യതയും സൈബര്‍ നിയമങ്ങളും ലംഘിച്ചതിനാണ് വീഡിയോ പകര്‍ത്തിയ വ്യക്തിക്കെതിരെ കേസ്. സമ്മതമില്ലാതെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിക്കുന്നത് ദുബൈയില്‍ കുറ്റകരമാണ്.

error: Content is protected !!