പത്തനംതിട്ടയിലെ തോല്‍വിക്ക് പിന്നില്‍ ശബരിമലയെന്ന് സി പി എം റിപ്പോര്‍ട്ട്.

പത്തനംതിട്ട ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം കാര്യമായി ബാധിച്ചെന്ന് സിപിഎം ജില്ലാ കമ്മറ്റിയുടെ പ്രാഥമിക റിപ്പോർട്ട്. എന്നാൽ അതിനെ ഒരുപരിധിവരെ പ്രതിരോധിക്കാനായെന്നും വിലയിരുത്തി. ഇതുസംബന്ധിച്ച കണക്കുകൾ ജില്ലാ ഘടകം സംസ്ഥാനഘടകത്തിന് കൈമാറി. ഇന്നു മുതൽ ചേരുന്ന സംസ്ഥാന കമ്മിറ്റി ഇതു ചർച്ച ചെയ്യും. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളിലുണ്ടായ തിരിച്ചടിയാണ് പരാജയത്തെ കാര്യമായി ബാധിച്ചതെന്നും കമ്മിറ്റി വിലയിരുത്തി.

ശബരിമല വിഷയം ഏറ്റവും കൂടുതൽ ബാധിക്കേണ്ട മണ്ഡലമായിരുന്നു പത്തനംതിട്ട. എന്നാൽ ചിട്ടായായ പ്രവർത്തനത്തിലൂടെ പ്രതിരോധിച്ചു. ആശങ്കപ്പെട്ട തരത്തിലുള്ള പരാജയം ഒഴിവാക്കാനായതിന്റെ സംത്യപ്തിയും റിപ്പോർട്ടിലുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണ സമയത്ത് എൽഡിഎഫിന് എതിരായി ചില മാധ്യമങ്ങൾ പുറത്തുവിട്ട സർവേ റിപ്പോർട്ടുകൾ തിരിച്ചടിയായി. ഇതോടെ സുരേന്ദ്രന്റെ തോൽവി ഉറപ്പാക്കാൻ ന്യൂനപക്ഷവോട്ടുകൾ ആന്റോ ആന്റണിയിലേക്ക് കേന്ദ്രീകരിച്ചു.

കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും പാർട്ടിക്ക് കിട്ടേണ്ട ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായി. ഇതാണ് പരാജയത്തിന്റെ പ്രധാന കാരണം. കെ.സുരേന്ദ്രന് 3 ലക്ഷത്തിനടുത്ത് വോട്ടു കിട്ടിയത് ശബരിമല വിഷയം വോട്ടിൽ പ്രതിഫലിച്ചതുകൊണ്ടാണെന്നും പാർട്ടി വിലയിരുത്തുന്നു. രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം പത്തനംതിട്ടയിലെ ഇടതു വോട്ടിലും ബാധിച്ചെന്നും വിലയിരുത്തുന്നു. പത്തനംതിട്ട ജില്ലയിൽ യുഡിഎഫുമായി പതിനാറായിരത്തിൽപരം വോട്ടിന്റെ കുറവുമാത്രമേ പാർട്ടിക്കുള്ളൂ. 5 നിയമസഭമണ്ഡലങ്ങളിൽ അടൂരിൽ മാത്രമേ ഒന്നാമതെത്താൻ കഴിഞ്ഞുള്ളൂവെങ്കിലും ആനുപാതികമായി വോട്ടു നേടാനായി. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവർ ആർഎസ്എസിന്റെ പ്രചാരണങ്ങളിൽ വീണെന്നും റിപ്പോർട്ടിലുണ്ട്.

error: Content is protected !!