വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ക്ക് ഫീസ് ഈടാക്കരുതെന്ന് വിവരാവകാശ കമ്മീഷന്‍.

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ തെരച്ചില്‍ഫീസ് ഉള്‍പ്പെടെ വകുപ്പുകളും സര്‍ക്കാരും നിശ്ചയിക്കുന്ന ഫീസ് ഈടാക്കാന്‍ പാടില്ലെന്ന്് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ എല്‍ വിവേകാനന്ദന്‍ നിര്‍ദേശിച്ചു. വിവരാവകാശ നിയമം അനുശാസിക്കുന്ന ഫീസ് മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. ഇക്കാര്യം കേന്ദ്ര വിവരാവകാശ കമ്മീഷനും ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. രേഖകള്‍ ആവശ്യപ്പെട്ടാല്‍ എ ഫോര്‍ വലുപ്പമുള്ള കോപ്പിക്ക് പരമാവധി രണ്ടു രൂപയും എ ത്രീ വലുപ്പമുള്ളവക്ക് അഞ്ച് രൂപയും മാത്രമേ വിവരാവകാശ നിയപ്രകാരമുള്ള അപേക്ഷകള്‍ക്ക് ഈടാക്കാവൂ. ഇക്കാര്യം സംസ്ഥാന വിവരാവകശാ കമ്മീഷന്റെ ഫുള്‍ കമ്മീഷന്‍ തീരുമാനിച്ച് പൊതു ഭരണ വകുപ്പിനെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചതാണ്. വടകര താലൂക്ക് ഓഫീസില്‍ സര്‍വ്വെ സ്‌കെച്ചിന്റെ കോപ്പി ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ കോപ്പിക്ക് 531 രൂപ അടക്കണമെന്ന മറുപടി സംബന്ധിച്ച പരാതിയിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ എല്ലാ നഗരസഭാ കോര്‍പ്പറേഷന്‍ സെക്രട്ടറിമാരെയും കമ്മീഷന്‍ വിളിച്ചുവരുത്താന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. എല്ലാ കോര്‍പ്പറേഷനുകളിലും എഞ്ചിനീയറിങ്ങ് വിഭാഗവുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷകളില്‍ കൃത്യമായി മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വിമുഖത കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തെരച്ചില്‍ നടത്തിയിട്ടും വിവരം ലഭ്യമല്ല എന്ന സ്ഥിരം മറുപടിയാണ് എല്ലായിടത്തുനിന്നും നല്‍കുന്നത്. ഈ മറുപടി പോലും യഥാസമയം നല്‍കുന്നില്ല. പല ഗ്രാമ പഞ്ചായത്തുകളെ സംബന്ധിച്ചും ഇത്തരത്തിലുള്ള പരാതിയുണ്ട്. കണ്ണൂര്‍ കലക്ടറേറ്റില്‍ 84 കാരനായ ഒരു റിട്ടയേര്‍ഡ് കേണല്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ അദ്ദേഹത്തോട് ഹിയറിങ്ങിന് ഹാജരാകാന്‍ ആ്വശ്യപ്പെട്ടത് ചട്ടവിരുദ്ധമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. താന്‍ കലക്ടര്‍ക്ക് നല്‍കിയ ഒരു അപേക്ഷയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും അപേക്ഷയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നുമായിരുന്നു അപേക്ഷകന്‍ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞത്. ഇതിന് നേരില്‍ കേള്‍ക്കാന്‍ കലക്ടറേറ്റില്‍ ഹാജരാകണമെന്ന മറുപടിയാണ് നല്‍കിയത്. വിവരാവകാശ അപേക്ഷകനെ ഹിയറിങ്ങിന് വിളിക്കാന്‍ വ്യവസ്ഥയില്ല. ഇത് തെറ്റായ നടപടിയാണ്. അപ്പീല്‍ തീര്‍പ്പാക്കുമ്പോള്‍ വേണമെങ്കില്‍ ഹിയറിങ്ങിന് വിളിക്കാം. അതിലും അപേക്ഷകന് താല്‍പ്പര്യമുണ്ടെങ്കില്‍ ഹാജരായാല്‍ മതി. ഈ കേസില്‍ ചട്ടം 20(1) പ്രകാരം നടപടിയെടുക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു.

കമ്മീഷന്‍ സിറ്റിങ്ങില്‍ ഹാജരാകാതിരുന്ന പയ്യന്നൂര്‍, ചക്കരക്കല്‍ പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായ സിഐമാരെ കമ്മീഷന്‍ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തുമെന്ന് കമ്മീഷണര്‍ അറിയിച്ചു. പകരം ഹാജരാകുന്നതിന് ഔദ്യോഗികമായി ചുമതലപ്പെടുത്താത്ത ഉദ്യോഗസ്ഥരാണ് എത്തിയത്. ഇവരെ സിറ്റിങ്ങില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബാധ്യതയുള്ള പൊലീസ് തന്നെ നിയമ വിരുദ്ധമായി ്രപവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ല.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് വൂണ്ട് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ചോദിച്ചിട്ട് നല്‍കാത്ത നടപടിയെ കമ്മീഷന്‍ വിമര്‍ശിച്ചു. സെക്ഷന്‍ 8-1 ജെ പ്രകാരം സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്. അന്വേഷണം നടത്തി കോടതിയില്‍ സമര്‍പ്പിക്കുന്ന രേഖ പൊതുരേഖയാണെന്നും ഇത് നല്‍കുന്നതിന് തടസ്സമില്ലെന്നും കേന്ദ്ര കമ്മീഷനും ഹൈക്കോടതിയും നിരവധി കേസുകളില്‍ വ്യക്തമാക്കിയതാണ്. ഇത് പ്രകാരം അപേക്ഷകന് രേഖ നല്‍കാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചു. 19 പരാതികള്‍ കമ്മീഷന്‍ പരിഗണിച്ചു. ഒരു കേസ് പരാതിക്കാരന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് മാറ്റിവെച്ചു. ബുധനാഴ്ച നടന്ന സിറ്റിങ്ങില്‍ 20 കേസുകള്‍ പരിഗണിച്ചിരുന്നു.

error: Content is protected !!