200 കിലോ ഹെറോയിനുമായി പാക് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി

മുംബൈ: 200 കിലോ ഹെറോയിനുമായി പാക് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. 600 കോടി രൂപ അന്താരാഷ്ട്ര വിപണിയില്‍ വിലവരുന്ന മയക്കുമരുന്നാണ് ‘അല്‍ മദീന’ എന്ന ബോട്ടില്‍നിന്നും പിടികൂടിയത്. മെയ് 20ന് ഇന്റലിജന്‍സിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബോട്ട് പിടികൂടിയതെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ അഡീഷ്ണല്‍ ഡയറക്ടര്‍ ജനറല്‍ കെ നടരാജന്‍ പറഞ്ഞു.

മയക്കുമരുന്ന് ഗുജറാത്ത് തീരമായ ജഖാവു തുറമുഖത്തിന് സമീപത്തുവെച്ച് ഇന്ത്യന്‍ ബോട്ടിന് കൈമാറാനായിരുന്നു നീക്കമെന്ന് കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു. ഇന്ത്യന്‍ തീരദേശ സേനയെ കണ്ടയുടന്‍ ബോട്ടിലുണ്ടായിരുന്ന മയക്കുമരുന്ന് കടലില്‍ വലിച്ചെറിഞ്ഞു. ബാഗുകള്‍ തിരികെയെടുക്കുകയും ബോട്ടിലുണ്ടായിരുന്നവരെ കസ്റ്റഡിയില്‍ എടുത്തതായും തീരദേശ സേന വ്യക്തമാക്കി. 195 പാക്കുകളിലായാണ് 200 കിലോ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. പിടിയിലായവരെ ചോദ്യംചെയ്യും.

error: Content is protected !!