‘മക്കളുടെ ഭാവി ഉറപ്പിക്കാനായി പാര്‍ട്ടിയെ മറന്നു’- മുതിര്‍ന്ന നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. നേതാക്കള്‍ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മക്കളുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുന്ന തിരക്കിലായിരുന്നു പല നേതാക്കളുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, പി ചിദംബരം എന്നിവരെ ലക്ഷ്യമിട്ടായിരുന്നു വിമര്‍ശനം. എന്നാല്‍ അദ്ദേഹം ആരുടേയും പേരെടുത്ത് പറഞ്ഞില്ല.

ഡിസംബറില്‍ ഹൃദയഭൂമിയായ രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. ഭരണത്തിലേറിയ ഉടന്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളലടക്കം ജനപ്രിയ നീക്കങ്ങള്‍ നടത്തിയിട്ടും ഇതൊന്നും വോട്ടാക്കി മാറ്റാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. കനത്ത പരാജയമാണ് ഇവിടങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റു വാങ്ങിയത്.

നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരായ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് രാഹുല്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താനായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നത്. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം പാര്‍ട്ടി അധ്യക്ഷനെ ചുതമലപ്പെടുത്തിയിരുന്നു. നേരത്തെ യോഗത്തില്‍ രാഹുല്‍ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പ്രവര്‍ത്തക സമിതി തള്ളിയിരുന്നു.

error: Content is protected !!