പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ “തിരികെ തിരുമുറ്റത്തേക്ക്” ക്യാമ്പയിന്‍

കണ്ണൂർ: പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന തിരികെ തിരുമുറ്റത്തേക്ക് ക്യാമ്പയിന് ജനകീയ തുടക്കം. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ചിറക്കലില്‍ നടന്ന ക്യാമ്പയിന് പ്രദേശവാസികളില്‍ നിന്ന് ആവേശകരമായ പിന്തുണയാണ് ലഭിച്ചത്. ജനപ്രതിനിധികളും സിനിമാ മേഖലയിലുള്ളവരും സാമൂഹ്യരംഗത്തെ പ്രമുഖരും പൊതുവിദ്യാലയത്തില്‍ പഠിച്ച് മികച്ച വിജയം നേടിയ വിദ്യാര്‍ഥികളും അണിനിരന്ന പരിപാടി പൊതുവിദ്യാഭ്യാസത്തിന്റെ പത്തരമാറ്റ് തിളക്കം വിളിച്ചോതുന്നതായി. കുട്ടികളെ പ്രദേശത്തെ രാജാസ് യു പി സ്‌കൂളില്‍ ചേര്‍ക്കണമെന്ന അഭ്യര്‍ഥനയുമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന്റെ നേതൃത്വത്തിലെത്തിയ സംഘത്തെ കുടുംബങ്ങള്‍ സ്‌നേഹപൂര്‍വം വരവേറ്റു. വീട്ടുകാരും നാട്ടുകാരുമെല്ലാം ക്യാമ്പയിന്റെ കൂടെക്കൂടിയതോടെ ജനകീയ ഉത്സവമായി അത് മാറി.

ഒരു കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തുകൊണ്ടായിരുന്നു ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വഹിച്ചത്. ചോറന്‍ ഹൗസില്‍ റീജിത്ത് ചോറന്റെ മകന്‍ കിഷന്‍ജിത്താണ് പദ്ധതിയുടെ ഭാഗമായി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ ആദ്യ വിദ്യാര്‍ഥി. ഒരു മണിക്കൂറിലേറെ നീണ്ട പ്രചാരണത്തിന്റെ ഭാഗമായി ഈ പ്രദേശത്തെ ആറ് കുട്ടികള്‍ ചിറക്കല്‍ രാജാസ് യു പി സ്‌കൂളില്‍ പ്രവേശനം നേടി. യദുനന്ദ പ്രജിത്ത്, ആദിനാഥ് സുനോജ്, യാദവ് സന്തോഷ്, നിവേദ്യ ബിജു, ധനുദേവ് എന്നിവരാണ് പ്രവേശനം നേടിയ മറ്റു വിദ്യാര്‍ഥികള്‍. പഠനത്തില്‍ മികവ് പുലര്‍ത്തുന്നതോടൊപ്പം നല്ല പൗരന്‍മാരായി നമ്മുടെ മക്കളെ മാറ്റിയെടുക്കുന്നതില്‍ പൊതുവിദ്യാലയങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് കെ വി സുമേഷ് പറഞ്ഞു. ഈ യാഥാര്‍ഥ്യം വര്‍ത്തമാനകാല സമൂഹം തിരിച്ചറിഞ്ഞുവെന്നതിന് തെളിവാണ് പൊതുവിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്കെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും.

സിനിമാതാരം നിഹാരിക എസ് മോഹന്‍, മികച്ച സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ഷെരീഫ് ഈസ, പ്ലസ്ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്ക് നേടിയ സിത്താര എന്നിവര്‍ മുഖ്യാതിഥികളായി. പഠനത്തോടൊപ്പം അഭിനയ-കലാ രംഗങ്ങളില്‍ കൂടി മാറ്റുരയ്ക്കാന്‍ പൊതുവിദ്യാലയത്തില്‍ നിന്ന് ലഭിച്ച പിന്തുണയാണ് തനിക്ക് മുതല്‍ക്കൂട്ടായതെന്ന് നിഹാരിക എസ് മോഹന്‍ പറഞ്ഞു. നാട്ടില്‍ വളരുമ്പോള്‍ നാടനായി വളരണമെന്ന് സിത്താര അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാ സംരക്ഷണവും പിന്തുണയും പൊതുവിദ്യാലയങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. പ്ലസ്ടു പരീക്ഷയില്‍ തനിക്ക് മുഴുവന്‍ മാര്‍ക്കും നേടാനായത് ഈ പിന്തുണ കൊണ്ടാണെന്നും കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് വിജയിച്ച സിത്താര പറഞ്ഞു. എം ടി എസ് ഇ സംസ്ഥാനതല ആറാം റാങ്ക് നേടിയ അമന്‍ എല്‍ ബിനോയ്, എല്‍എസ്എസ് വിജയികളായ കെ ശ്രീനന്ദ, പി പി ആദില്‍, ടി ബി സഹദ് എന്നിവര്‍ക്കുള്ള ഉപഹാരവും പരിപാടിയില്‍ മുഖ്യാതിഥികള്‍ സമ്മാനിച്ചു.

ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ചിറക്കല്‍ സഹകരണ ബാങ്കിന്റെ വക സൗജന്യമായി ബാഗ് നല്‍കുമെന്ന് പരിപാടിയില്‍ അറിയിച്ചു. കഴിഞ്ഞ് മൂന്ന് വര്‍ഷമായി തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കിവരുന്നത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. ഇത്തവണ കൂടുതല്‍ മികച്ച പ്രതികരണമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിപി ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെപി ജയബാലന്‍ മാസ്റ്റര്‍, വികെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അജിത് മാട്ടൂല്‍, പി പി ഷാജിര്‍, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് എ സോമന്‍, വെസ് പ്രസിഡണ്ട് കെ സി ജിഷ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ പ്രകാശന്‍, ഡിഡിഇ നിര്‍മ്മലാദേവി, എസ്എസ്‌കെ ജില്ലാ പ്രൊജക്ട് ഓഫീസര്‍ കെ ആര്‍ അശോകന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ കെ രവി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി യു രമേശന്‍, കണ്ണൂര്‍ ഡയറ്റ് ഫാക്കല്‍റ്റി കെ രമേശന്‍ കടൂര്‍, രാജാസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രശാന്ത് കൃഷ്ണന്‍ മാസ്റ്റര്‍, പാപ്പിനിശ്ശേരി എഇഒ ഹെലന്‍ ഹൈസന്ത് മെന്റോണ്‍സ്, കണ്ണൂര്‍ എഇഒ കെ വി സുരേന്ദ്രന്‍, പാപ്പിനിശ്ശേരി ബിപിഒ കെ ശിവദാസന്‍, ചിറക്കല്‍ രാജാസ് യുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സിദ്ധാര്‍ത്ഥന്‍, അരക്കന്‍ ബാലന്‍, ചിറക്കല്‍ ടി പ്രസാദ്, സ്‌കൂള്‍ മാനേജര്‍ എം പ്രശാന്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!