സുഹൃത്തിനെ മദ്യം നല്‍കി മയക്കി മകളെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍.

സുഹൃത്തിനെ മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം പതിനൊന്നു വയസുള്ള സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച യുവാവിനെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. രാജപുരം കാപ്പിത്തോട്ടത്തെ രാഘവനെ (34)യാണ് രാജപുരം പ്രിന്‍സിപ്പള്‍ എസ് ഐ കെ എം ബിനീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ വീട്ടില്‍ എത്തിയ രാഘവന്‍ സുഹൃത്തിനോടൊപ്പം മദ്യപിക്കുകയായിരുന്നു. സുഹൃത്തിന് അമിതമായി മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം രാഘവന്‍ വീട്ടിലുണ്ടായിരുന്ന സുഹൃത്തിന്റെ മകളെ ശുചിമുറിയില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

സംഭവത്തിനു ശേഷം പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്ഥലത്തെ അംഗന്‍വാടി ടീച്ചറുടെ സഹായത്തോടെ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം രാജപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ബാലപീഡന വിരുദ്ധ നിയമപ്രകാരം(പോക്സോ) കേസെടുത്ത് രാഘവനെ അറസ്റ്റ് ചെയ്തത്.

ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ രാഘവനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതിന് മുമ്പും രാഘവന്‍ ഇതേ വീട്ടില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

error: Content is protected !!