ഗുജറാത്തിൽ ഗോഡ്സെയുടെ ജന്മവാർഷികാഘോഷം; ആറുപേർ അറസ്റ്റിൽ

അഹമ്മദാബാദ്: രാജ്യം ഗാന്ധിജിയുടെ 150ാം ജന്മവാർഷികം ആഘോഷിക്കുമ്പോൾ, ഗുജറാത്തിൽ ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ ജന്മവാർഷികം ആഘോഷിച്ചത് വിവാദമാകുന്നു. അഖില ഭാരതീയ ഹിന്ദു മഹാസഭാ പ്രവർത്തകരാണ് സൂറത്തിൽ ആഘോഷം നടത്തിയത്. സംഭവത്തെ അപലപിച്ച് രംഗത്തെത്തിയ കോൺഗ്രസ് ശക്തമായ പ്രതിഷേധവും സംഘടിപ്പിച്ചു. ‘സംഭവവുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെ കേസെടുത്തു. ഹിരേഷ് മഷ്റു, വാലാ ഭർവഡ്, വിരാൽ മാൾവി, ഹിതേഷ് സൊനാര, യോഗേഷ് പട്ടേൽ, മനിഷ് കലാൽ എന്നിവരെ അറസ്റ്റ് ചെയ്തു’ -സൂറത്ത് പൊലീസ് വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

ഞായറാഴ്ച രാത്രിയിൽ സൂറത്ത് നഗരത്തിലെ ലിംപായത്ത് പ്രദേശത്താണ് ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ ഗോഡ്സെയുടെ ജന്മവാർഷികം ആഘോഷിച്ചത്. സഞ്ജയ് നഗർ പഞ്ച്മുഖി ഹനുമാൻ ക്ഷേത്രത്തിന് മുന്നിൽ ഗോഡ്സെയും ഫോട്ടോ വെയ്ക്കുകയും പുഷ്പഹാരം അണിയിക്കുകയും ചെയ്തു. ഗോഡ്സെയുടെ 109ാം ജന്മദിനമെന്നത് കണക്കിലെടുത്ത് 109 മൺചിരാതുകളിൽ ദീപം തെളിയിക്കുകയും ലഡ്ഡുവിതരണം നടത്തുകയും ചെയ്തു. 1910 മെയ് 19ന് പൂനെയിലെ ബാരാമതിയിലാണ് ഗോഡ്സെ ജനിച്ചത്. സൂറത്ത് നഗരത്തിൽ ആദ്യമായാണ് ഗോഡ്സെയുടെ അനുയായികൾ അദ്ദേഹത്തിന്റെ ജന്മദിനാഘോഷം നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഗോഡ്സേയുടെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
സംഭവത്തെ അപലപിച്ച് രംഗത്തെത്തിയ കോൺഗ്രസ് അന്വേഷണം ആവശ്യപ്പെട്ടു. എന്നാൽ, ബിജെപിയുടെ നിലപാട് വ്യക്തമാണെന്നും മഹാത്മാ ഗാന്ധിജിയുടെ പൈതൃകത്തെ തങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നും ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികം മഹാത്മജിയുടെ സന്ദേശം പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ട് വലിയരീതിയിൽ‌ ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചതാണന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ആശയങ്ങളെയും പൈതൃകത്തെയും കളങ്കപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗോഡ്സെ ഗാന്ധിജിയുടെ ഭൗതികദേഹത്തെയാണ് കൊലപ്പെടുത്തിയതെന്നും എന്നാൽ പ്രഗ്യയെ പോലുള്ളവർ സമാധാനത്തെയും സഹിഷ്ണുതയെയും അഹിംസയെയും ഇന്ത്യയുടെ ആത്മാവിനെ തന്നെയും കൊലപ്പെടുത്തുകയാണെന്നും നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രഗ്യയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഗാന്ധിജിയെ അപമാനിക്കുന്നത് പൊറുക്കാനാവില്ലെന്നായിരുന്നു മോദിയുടെ പ്രതികരണം.
error: Content is protected !!