പത്താം ക്ലാസ് സി ബി എസ് ഇ പരീക്ഷയില്‍ ദേശീയ തലത്തില്‍ മൂന്നാം സ്ഥാനവുമായി അല്‍ഫോന്‍സ് റോസ് ജെറി.

തളിപ്പറമ്പ്: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി തളിപ്പറമ്പ് സാന്‍ ജോസ് സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അല്‍ഫോന്‍സ് റോസ് ജെറി. നേരത്തെ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന അല്‍ഫോന്‍സ് റോസിന് സയന്‍സ് പേപ്പറിലെ റീകൗണ്ടിംഗിലാണ് മൂന്നാം സ്ഥാനം ലഭിച്ചത്. ഇതോടെ 98 മാര്‍ക്ക് ഉണ്ടായിരുന്ന സയന്‍സിന് അല്‍ഫോന്‍സ് റോസിന് 100 മാര്‍ക്ക് ലഭിച്ചു. ആകെ 500-ല്‍ 497 മാര്‍ക്കോടെയാണ് അല്‍ഫോന്‍സ് റോസിന് മൂന്നാം സ്ഥാനം ഇപ്പോള്‍ ലഭിച്ചത്.

അല്‍ഫോന്‍സ് റോസ് ജെറിയെ കുറിച്ച് നേരത്തെ ന്യൂസ് വിങ്‌സ് ചെയ്ത വീഡിയോ സ്‌റ്റോറി കാണാം…

ഇന്ത്യയിലും വിദേശങ്ങളിലുമായി സെന്‍ട്രല്‍ സ്‌കൂളുകളും നവോദയ വിദ്യാലയങ്ങളും ഉള്‍പ്പെടെയുള്ള സ്‌കൂളുകളില്‍ നിന്നും 19 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയിട്ടുണ്ട്. ഒരു സ്‌ക്രീനിങ്ങുമില്ലാതെ എല്ലാ കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്ന സാന്‍ജോസ് സ്‌കൂളില്‍ പഠിച്ച്, ഒരു ട്യൂഷന്‍ ക്ലാസിലും പോകാതെയാണ് അല്‍ഫോന്‍സ് റോസ് ഈ വിജയം കൊയ്തെടുത്തത്. സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെയും അധ്യാപകരുടെയും കുടുംബാംഗങ്ങളുടേയും പിന്തുണയും സഹകരണവുമാണ് ഈ ഉന്നത വിജയത്തിന് സഹായകമായത്.
പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും അല്‍ഫോന്‍സ് റോസ് ശ്രദ്ധേയയാണ്. ലണ്ടന്‍ ട്രിനിറ്റി കോളേജിന്റെ പിയാനോ ഗ്രേഡ് മൂന്ന് പരീക്ഷ വിജയിയും, കണ്ണൂര്‍ കാസര്‍ഗോഡ് സഹോദയാ സ്‌കൂള്‍ കോംപ്ലക്സ് നടത്തിയ എക്സ്ടംപര്‍ പ്രസംഗമല്‍സരത്തില്‍ ഔട്ട്സ്റ്റാന്റിംഗ് ഫസ്റ്റ് പ്രൈസും, തലശേരി അതിരൂപതാതല മതബോധന പത്താംക്ലാസ് പരീക്ഷയില്‍ ഒന്നാം സ്ഥാനവും ലോഗോസ് ബൈബിള്‍ക്വിസ് മല്‍സരത്തില്‍ സംസ്ഥാനതലത്തില്‍ ബിഗ്രൂപ്പില്‍ ഒന്നാംസ്ഥാനവും നേടിയിട്ടുണ്ട്.
കണ്ണൂര്‍ സെന്റ്മൈക്കിള്‍സ് പ്ലസ്ടുവിഭാഗം ബോട്ടണി അധ്യാപകനായ ജെറി തോമസിന്റെയും തളിപ്പറമ്പ് ഫിസിയോക്യൂര്‍ ഫിസിയോതെറാപ്പി സെന്റര്‍ ചീഫ് ഫിസിയോതെറാപ്പിസ്റ്റ് സീമ ജെറിയുടെയും മകളാണ്.

error: Content is protected !!