ആത്മാഭിമാനത്തെ ബാധിക്കുന്ന തരത്തില്‍ കുട്ടികള്‍ക്കുള്ള സഹായ വിതരണങ്ങള്‍ വേണ്ട: ഉത്തരവ് സംസ്ഥാന ബാലാവകാശ കമ്മിഷന്റേത്.

തിരുവനന്തപുരം: കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലുളള സഹായങ്ങള്‍ വിതരണം ചെയ്യുന്നത് അവരുടെ സ്വകാര്യതയെയോ ആത്മാഭിമാനത്തെയോ ബാധിക്കുന്ന തരത്തിലാകരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ്.കുട്ടികളുടെ സ്വകാര്യതയും ആത്മാഭിമാനവും പൊതുസമൂഹത്തിലും അവര്‍ വ്യാപരിക്കുന്ന ഇടങ്ങളിലും സംരക്ഷിക്കപ്പെടേണ്ടത് ബാലാവകാശ സംരക്ഷണത്തിന്റെ ഭാഗമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയ്‌ക്കെല്ലാം ഉത്തരവ് ബാധകമാണ്.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൊതുവായ നിര്‍േദശം പുറപ്പെടുവിക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.കുട്ടിയുടെ ദരിദ്രപശ്ചാത്തലം മറ്റുളളവരാല്‍ അവമതിക്കപ്പെടാനോ അവരുടെ മനസ്സിനെ മുറിപ്പെടുത്താനോ കാരണമാകുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.

സാമൂഹികമായും സാമ്പത്തികമായും പുരോഗതി പ്രാപിച്ച സംസ്ഥാനത്ത് 12 ലക്ഷത്തിലധികം കുട്ടികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടും കുറഞ്ഞ പശ്ചാത്തലത്തിലും ജീവിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.ഈ കുട്ടികള്‍ക്ക് വേണ്ട സഹായേ സവനങ്ങള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കി നടപ്പാക്കണം.പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം.കൊട്ടിഘോഷിച്ച് കുട്ടികളെ അപഹാസ്യരാക്കുന്ന സഹായ വിതരണ പരിപാടികള്‍ സ്‌കൂള്‍തലത്തിലും പൊതുസമൂഹത്തിലും നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.
തിരുവനന്തപുരം വിതുര ജവഹര്‍ നവോദയ വിദ്യാലയത്തിലെ അധ്യാപകന്‍ എബ്രഹാം പ്ലാക്കില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

error: Content is protected !!