രാജസ്ഥാൻ സ്വദേശിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്തത് 116 ആണികളും പ്ലാസ്റ്റിക് വയറും !

രാജസ്ഥാനിലെ കോട്ട ബുന്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റില്‍ നിന്നും 116 ഇരുമ്പ് ആണികളും, പ്ലാസ്റ്റിക് വയറും , ഇരുമ്പ് തിരയും നീക്കം ചെയ്തു.ബോലാശങ്കര്‍ എന്ന 42കാരന്റെ വയറ്റില്‍ നിന്നാണ് ഡോക്ടര്‍മാരെ പോലും അമ്പരിപ്പിക്കുന്ന തരത്തില്‍ ഇത്രയും വസ്തുക്കള്‍ നീക്കം ചെയ്തത്.

കഠിനമായ വയറുവേദനയുമായാണ് ഭോലാശങ്കര്‍ ആശുപത്രിയിലെത്തിയത്. എക്‌സറേ ചെയ്ത് നോക്കിയപ്പോള്‍ അസ്വാഭാവികമായ ചില വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും തുടര്‍ന്ന് നടത്തിയ സ്‌കാനിംഗില്‍ ഇവ വ്യക്തമാവുകയും ചെയ്തു.പിന്നീട് ഒന്നര മണിക്കൂര്‍ എടുത്താണ് ഇത്രയും വസ്തുക്കള്‍ രോഗിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത്, ഇതില്‍ ഏതെങ്കിലും ആണി വന്‍കുടലിലേക്ക്‌ പ്രവേശിച്ചിരുന്നെങ്കില്‍ മരണം വരെ സംഭവിക്കാമായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജന്‍. ഡോ. അനില്‍ സെയ്‌നി പറഞ്ഞു.

എന്നാല്‍ ഇത്രയും വസ്തുക്കള്‍ എങ്ങനെയാണ് രോഗിയുടെ വയറ്റില്‍ എത്തിയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.രോഗിയുടെ ബന്ധുക്കള്‍ക്കും കൂടുതലൊന്നും പറയാനാവുന്നില്ല.ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടോ എന്നാണ് ഡോക്ടര്‍മാരുടെ സംശയം.പൂന്തോട്ടം പണിക്കാരനാണ് ഭോലാശങ്കര്‍.

മുന്‍പും സമാനമായ സംഭവം കൊല്‍ക്കത്തയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബുന്‍ഡി സ്വദേശിയായ ഒരു 56കാരന്റെ വയറ്റില്‍ നിന്ന് 150 സൂചിയും ഇരുമ്പാണിയും നീക്കം ചെയ്തിരുന്നു. 2017ലായിരുന്നു ഇത്.

error: Content is protected !!